Asianet News MalayalamAsianet News Malayalam

മോദി കേരളത്തിൽ വന്നില്ലെങ്കിലും കുഴപ്പമില്ല, ബിജെപിയുടെ താരപ്രചാരകനായി പിണറായി വിജയനുണ്ടല്ലോയെന്ന് ഹസൻ

ദേശീയ തലത്തിൽ മോദിയും ബിജെപിയും പറയുന്നതിനേക്കാൾ പതിന്മടങ്ങ് വർഗീയ പ്രചരണമാണ് പിണറായി നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഹസൻ

MM Hasan said that CM Pinarayi Vijayan become BJP star campaigner in Kerala Lok Sabha election 2024
Author
First Published Apr 12, 2024, 6:30 PM IST | Last Updated Apr 12, 2024, 6:30 PM IST

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കേരളത്തിലെ താരപ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയൻ തിളങ്ങി നിൽക്കുകയാണെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ. ദേശീയ തലത്തിൽ മോദിയും ബിജെപിയും പറയുന്നതിനേക്കാൾ പതിന്മടങ്ങ് വർഗീയ പ്രചരണമാണ് പിണറായി നടത്തിക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആറാം തവണയും കേരളത്തിലെത്തുന്ന നരേന്ദ്രമോദി ഇവിടേക്ക് വന്നില്ലെങ്കിലും കുഴപ്പമില്ലെന്നും അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങൾ തന്നെയാണ് പിണറായി വിജയൻ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും ഹസൻ അഭിപ്രായപ്പെട്ടു.

ഈ കാലാവസ്ഥ പ്രവചനത്തിന് ആരും കയ്യടിച്ചുപോകും, കൊടുംചൂടിൽ വെന്തുരുകുന്ന കേരളത്തിൽ 2 നാൾ 14 ജില്ലയിലും മഴ സാധ്യത

നരേന്ദ്രമോദിയുടെ പ്രീതി സമ്പാദിക്കുകയെന്നതാണ് ഇതിലൂടെ പിണറായി ലക്ഷ്യമിടുന്നത്. അതിന്റെ കാരണമെന്തെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാവുന്നതിനാൽ താനത് ആവർത്തിക്കുന്നില്ലെന്നും എം.എം ഹസൻ പറഞ്ഞു. കെപിസിസി മാധ്യമ സമിതി ഇന്ദിരാഭവനിൽ സംഘടിപ്പിക്കുന്ന മുഖാമുഖം പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യവ്യാപകമായി വൻ  സ്വീകാര്യത നേടിയ കോൺഗ്രസിന്റെ പ്രകടന പത്രികയെ ജിന്നാ ലീഗിന്റെ മുദ്രയെന്നാണ് മോദി വിശേഷിപ്പിച്ചത്. പിണറായി വിജയനാകട്ടെ, മോദിയേക്കാൾ പതിൻമടങ്ങ് വർഗീയത ചേർത്തു പറഞ്ഞ് പ്രകടന പത്രികയെ എതിർക്കുന്നു. കേരളത്തിൽ ബിജെപി രണ്ടിടത്ത് വിജയിക്കുമെന്നാണ് മോദി ആവർത്തിക്കുന്നത്. ബിജെപി-സിപിഎം അന്തർധാര ഫലപ്രദമാകുമെന്ന പ്രതീക്ഷയിലാണത്.

സ്വന്തം പാർട്ടിയുടേതല്ലാത്ത രണ്ട് സ്ഥാനാർത്ഥികളെ ബലിയാടാക്കിയിട്ടാണെങ്കിലും മോദിയുടെ പ്രതീക്ഷ നിറവേറ്റാനായി പിണറായി വിജയൻ പരമാവധി ശ്രമിക്കുന്നതും ഇന്ത്യാ സഖ്യത്തെ നഖശിഖാന്തം എതിർക്കുന്നതുമാണ് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് തെളിഞ്ഞു കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാനൂരിലെ ബോംബ് സ്ഫോടനത്തിന് പിന്നാലെ ഡിവൈഎഫ്ഐ സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്നാണ് പാർട്ടി സെക്രട്ടറി പറയുന്നത്. വെട്ടുംകുത്തും മദ്യപാനവും പിടിച്ചുപറിയും സ്ത്രീപീഡനവുമായി നടക്കുന്ന മകനെക്കുറിച്ച് നാട്ടുകാർ പരാതി പറയാനെത്തുമ്പോൾ അവൻ എന്റെ മകനല്ലെന്ന് പറഞ്ഞൊഴിയുന്ന പിതാവിന്റെ നിസഹായതയാണ് ഗോവിന്ദന്റേത്. ഇവർ നടത്തിയ അക്രമങ്ങളെ രക്ഷാപ്രവർത്തനമെന്ന് വിശേഷിപ്പിച്ചത് മുഖ്യമന്ത്രിയാണ്. പോഷക സംഘടനയല്ലെങ്കിൽ അക്രമിക്കൂട്ടങ്ങളായ ഡിവൈഎഫ്ഐയെ പിരിച്ചുവിട്ടുകൂടെയെന്നും ഹസൻ ചോദിച്ചു.

കേരളാ സ്റ്റോറിയുടെ പേരിൽ വ്യാജ ഫെയ്സ് ബുക്ക് പോസ്റ്റുകൾ പ്രചരിപ്പിച്ച് സിപിഎം സൈബർ സഖാക്കൾ  വർഗീയത ആളിക്കത്തിക്കുകയാണ്. ഇടുക്കി രൂപത അറിഞ്ഞിട്ടുപോലുമില്ലാത്ത കാര്യങ്ങളെ വർഗീയമായി ചിത്രീകരിച്ച് അവർ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു. രൂപതയ്ക്ക് മുന്നിൽ താൻ പ്രതിഷേധ സമരം നടത്തുന്നുവെന്ന് വ്യാജ പോസ്റ്റുണ്ടാക്കി പ്രചരിപ്പിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായും ഹസൻ വെളിപ്പെടുത്തി. കേരളാ സ്റ്റോറിയുടെ പേരിൽ സംസ്ഥാനത്ത് വിവാദമുണ്ടാക്കാൻ ശ്രമിച്ചതിന് പിന്നിൽ ആരാണെന്ന് അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണം. മണിപ്പൂരിൽ ഉചിതമായ ഇടപെടൽ നടത്തിയെന്ന് പറയുന്ന നരേന്ദ്രമോദി, എന്തുതരം ഇടപെടലാണ് അവിടെ നടത്തിയതെന്ന് വ്യക്തമാക്കണം. അയോധ്യയിലും അബുദാബിയിലും ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയ മോദി, മണിപ്പൂരിലേക്ക് തിരിഞ്ഞുപോലും നോക്കാതെയാണ് ഈ പ്രസ്താവന നടത്തിയതെന്നും ഹസൻ ചൂണ്ടിക്കാട്ടി. സാമൂഹിക പെൻഷൻ ഔദാര്യവും ഭിക്ഷയുമാണെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ പിണറായിയുടെ നടപടി പാവപ്പെട്ട പെൻഷൻകാരെ വളരെ വേദനിപ്പിച്ചു. ഇതിന്  തെരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകും. എല്ലാ സർക്കാരുകളും പെൻഷൻ ഔദാര്യമായിട്ടല്ല, അവകാശമായിട്ടാണ് നൽകിക്കൊണ്ടിരുന്നത്. ഈ പശ്ചാത്തലത്തിൽ, കോടതിയിൽ സത്യവാങ്മൂലം തിരുത്തി നൽകണമെന്നും ഹസൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios