Asianet News MalayalamAsianet News Malayalam

ഈനാംപേച്ചി, തേള്‍, നീരാളി... ഇത് ബാലമനസിന്റെ നിലവിളിയാണ്; എല്ലാം സിപിഎമ്മിന് ഉചിതമായ ചിഹ്നമെന്ന് എംഎം ഹസൻ

തോല്‍വി മുന്നില്‍കണ്ടുള്ള ബാലമനസിന്റെ നിലവിളിയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. 

MM Hasan says that everything is a suitable symbol for CPM on ak balan statement
Author
First Published Mar 24, 2024, 7:22 PM IST

തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, എലിപ്പെട്ടി, തേള്‍, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരുമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്റെ പ്രസ്താവന തോല്‍വി മുന്നില്‍കണ്ടുള്ള ബാലമനസിന്റെ നിലവിളിയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. 

വംശനാശം നേരിടുന്ന  ഈനാംപേച്ചിയും മരപ്പട്ടിയുമൊക്കെ സിപിഎമ്മിന് ഏറ്റവും ഉചിതമായ ചിഹ്നം തന്നെയാണ്. മരപ്പെട്ടിയുടെ ആവാസകേന്ദം ക്ലിഫ് ഹൗസും മന്ത്രിമന്ദിരങ്ങളുമാണ്. ലോകമെമ്പാടും വംശനാശം സംഭവിച്ച കമ്യൂണിസം അവശേഷിക്കുന്നത് കേരളത്തില്‍ മാത്രമാണ്. ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കാണണമെങ്കില്‍ മ്യൂസിയത്തില്‍ പോകേണ്ടി വരും.  

അടുത്ത തെരഞ്ഞെടുപ്പില്‍ ആരുടെ മയ്യത്താണ് എടുക്കാന്‍ പോകുന്നതെന്ന് റിസള്‍ട്ട് വരുമ്പോള്‍ അറിയാം. എന്തായാലും അതു കോണ്‍ഗ്രസിന്റെ ആയിരിക്കില്ല. ബിജെപിയുടെ പിന്തുണ ഇല്ലെങ്കില്‍ സ്വന്തം ചിഹ്നത്തില്‍ സിപിഎം മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞടുപ്പായിരിക്കുമിത്.  അവര്‍ക്ക് നിശ്ചിത ശതമാനം വോട്ടും ഒരൊറ്റ സീറ്റും കേരളത്തില്‍നിന്ന് ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കും. 

തീവ്രവലതുപക്ഷ വ്യതിയാനവും ബിജെപി ബാന്ധവവും മുഖമുദ്രയാക്കിയ  മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം മൂലം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ മയ്യത്തെടുക്കുമെന്ന് ആര്‍ക്കാണ് അറിയാത്തതെന്ന് ഹസന്‍ ചോദിച്ചു. ബി.ജെ.പിയുടെ കാരുണ്യത്തിലാണ് സി.പി.എം ഇപ്പോള്‍ നിലനില്‍ക്കുന്നത്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സഹായിച്ചതിനാലാണ് സി പി എമ്മിന് രക്ഷപ്പെടാനായത്. ഇത്തവണ അവരുടെ സഹകരണം കുറെക്കൂടി പ്രകടമാണ്.  ഇ പി ജയരാജന്റെ രാജീവ് ചന്ദ്രശേഖറുമായുള്ള ബിസിനസ് ഡീല്‍ അതിന്റെ ഭാഗമാണ്. ബി ജെ പിയെ തറപറ്റിക്കാനല്ല, തങ്ങളുടെ നില ഈനാംപേച്ചിയുടേത് ആകാതിരിക്കാനാണ് സി പി എം മത്സരിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.

'സിപിഎം വംശനാശം നേരിടുകയാണ്'; എകെ ബാലന് മറുപടിയുമായി വിഡി സതീശനും രമേശ് ചെന്നിത്തലയും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios