തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ കോന്നിയിൽ ഗ്രൂപ്പിനെക്കാൾ പ്രാധാന്യം വിജയ സാധ്യതക്കാണെന്ന് കെപിസിസി മുൻ അദ്ധ്യക്ഷൻ എം എം ഹസ്സൻ. കോന്നിയിലെ സ്ഥാനാർത്ഥികളെ കുറിച്ച് ഇതുവരെ ചർച്ചകൾ നടന്നിട്ടില്ലെന്നും ഹസൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുൻ എം എൽ എ എന്ന നിലക്ക് അടൂർ പ്രകാശിന്റെ അഭിപ്രായം കൂടി പരിഗണിക്കുമെന്നും എം എം ഹസ്സൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടി നിരവധി പേരുകൾ ഉയർന്നുവന്നിട്ടുണ്ട്. ആ പേരുകൾ വച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ഹസ്സൻ വ്യക്തമാക്കി. അഞ്ചിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ  സ്ഥാനാർഥി നിർണയ ചർച്ചകളുടെ തിരക്കിലേക്ക് നീങ്ങുകയാണ് മുന്നണികൾ. ചൊവ്വാഴ്ച എൽഡിഎഫ് യോഗം ചേരും. നാളെയും മറ്റന്നാളുമായി യുഡിഎഫ് നേതാക്കൾ കൂടിയാലോചനകൾ നടത്തും. ബിജെപി കോർ കമ്മിറ്റി ഇന്ന് ചേരും.

ഉപതെരഞ്ഞെടുപ്പുകളിൽ വട്ടിയൂർകാവ്, മഞ്ചേശ്വരം, കോന്നി എന്നിവിടങ്ങളിൽ വലിയ പ്രതീക്ഷയാണ് ബിജെപിക്ക്. പാർട്ടി  ജയസാധ്യത മുന്നിൽ കാണുന്ന ഇവിടങ്ങളിൽ മികച്ച സ്ഥാനാർഥികളെ  തന്നെ അവതരിപ്പിക്കണം എന്നതാണ് പൊതുവികാരം. ഉപതെരഞ്ഞെടുപ്പ് പ്രതീക്ഷിച്ച് മഞ്ചേശ്വരത്ത് എല്ലാ പാർട്ടികളും നേരത്തെ തന്നെ പ്രവർത്തനം തുടങ്ങിയിരുന്നു. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളുടെയും നേതാക്കൾ. എന്നാൽ സാമുദായിക ഘട്ടങ്ങൾ കൂടി പരിഗണിച്ചുള്ള സ്ഥാനാർത്ഥി നിർണ്ണയം മൂന്ന് മുന്നണികൾക്കും ഒരുപോലെ വെല്ലുവിളിയാണ്.