Asianet News MalayalamAsianet News Malayalam

'സുധാകരൻ തറ ഗുണ്ട, നാലാം തരക്കാരൻ'; കൊലപാതകം നടത്തിയിട്ട് ന്യായീകരിക്കുന്നവനെന്നും എം എം മണി

കെ കെ രമയെ അധിക്ഷേപിച്ച അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരനെന്നായിരുന്നു സുധാകരൻ മണിയെ വിശേഷിപ്പിച്ചത്

mm mani against k sudhakaran on kk rema issue
Author
Thodupuzha, First Published Jul 15, 2022, 9:09 PM IST

ഇടുക്കി: കെ കെ രമ എം എൽ എയ്ക്കെതിരായ പരാമർശത്തിൽ തന്നെ രൂക്ഷമായി വിമർശിച്ച കെ സുധാകരന് മറുപടിയുമായി എം എം മണി രംഗത്ത്. സുധാകരൻ തറ ഗുണ്ടയാണെന്നും നാലാം തരക്കാരനാണെന്നും കൊലപാതകം നടത്തിയിട്ട് ന്യായീകരിക്കുന്നവനാണെന്നുമായിരുന്നു തൊടുപുഴയിൽ മാധ്യമങ്ങളെ കണ്ട മണി പറഞ്ഞത്. നേരത്തെ കെ കെ രമയെ അധിക്ഷേപിച്ച അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരനെന്നായിരുന്നു സുധാകരൻ മണിയെ വിശേഷിപ്പിച്ചത്. ആ 'നീച ജന്മവും' കേരളത്തിന്റെ മണ്ണിലാണ് ജീവിക്കുന്നത് എന്നതില്‍ ഓരോ മലയാളിയും തലകുനിക്കുന്നുവെന്നും സുധാകരൻ പറഞ്ഞിരുന്നു.

'കെ കെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നിൽക്കുന്നു'; നിയമസഭയിൽ വന്നാൽ ഇനിയും വിമര്‍ശിക്കുമെന്ന് എം എം മണി

അതേസമയം കെ കെ രമയ്ക്കെതിരായ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്നും എം എം മണി തൊടുപുഴയിൽ പറഞ്ഞു. മഹതി നല്ല ഒന്നാന്തരം ഭാഷയാണെന്ന് പറഞ്ഞ എം എം മണി, നിയമസഭയിൽ വന്നാൽ ഇനിയും വിമർശനം കേൾക്കേണ്ടിവരുമെന്നും പറഞ്ഞു. രമയെ മുൻ നിർത്തിയുള്ള യുഡിഎഫിന്‍റെ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സീറ്റ് ജനതാദളിന് കൊടുത്തത് കൊണ്ട് മാത്രമാണ് രമ ജയിച്ചതെന്നും എം എം മണി പറഞ്ഞു. പരാമര്‍ശത്തിൽ ഖേദമില്ലെന്നും എം എം മണി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണെന്ന് ആരോപിച്ച എം എം മണി, എന്റെ വാക്കുകളിൽ രമക്ക് വേദന ഉണ്ടായെങ്കിൽ ഞാൻ എന്ത് വേണമെന്നായിരുന്നു വാ‍ര്‍ത്താ സമ്മേളനത്തിന്റെ ഒരു ഘട്ടത്തിൽ പ്രതികരിച്ചത്. കെ കെ  രമ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മുഖ്യമന്ത്രിയെ സഭയിൽ തേജോവധം ചെയ്യുകയാണ്. ഇത്രയും നാളും ഞങ്ങളാരും പ്രതികരിച്ചിട്ടില്ല. ഇന്നലെ അവര്‍ സഭയിലില്ലായിരുന്നു. വൈകുന്നേരം വന്ന അവര്‍ക്ക് പ്രത്യേകം പ്രതിപക്ഷം സമയം അനുവദിച്ചു. അത് പ്രതിപക്ഷം പ്രത്യേകം ചെയ്യുകയാണ്. അത് കൊണ്ടാണ് ഇക്കാര്യത്തിൽ പ്രതികരിക്കാമെന്ന് കരുതിയതെന്നാണ് മണിയുടെ വിശദീകരണം. 

രമയെ അധിക്ഷേപിച്ച അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരന്‍; ആ 'നീച ജന്മവും' കേരളത്തിൽ ജീവിക്കുന്നു: കെ സുധാകരന്‍

അതേസമയം കെ കെ രമ എം എൽ എയ്ക്കെതിരായ പരാമർശത്തിൽ എം എം മണിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷമായി പ്രതികരിച്ചാണ് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ നേരത്തെ രംഗത്തെത്തിയത്. പേ പിടിച്ചൊരു അടിമക്കൂട്ടത്തെ ചുറ്റിനും നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് പിണറായി വിജയനെന്ന് അഭിപ്രായപ്പെട്ട സുധാകരൻ നിയമസഭയില്‍ കെ കെ രമയെ അധിക്ഷേപിച്ച അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരന്‍, ആ 'നീച ജന്മവും' കേരളത്തിന്റെ മണ്ണിലാണ് ജീവിക്കുന്നത് എന്നതില്‍ ഓരോ മലയാളിയും തലകുനിക്കുന്നുവെന്നും പറഞ്ഞു.

മനുഷ്യത്വരഹിതം, മണിക്കെതിരെ ഉമ്മന്‍ ചാണ്ടി; 'പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നത് കേരളത്തിന് അപമാനം, മാപ്പ് പറയണം'

Follow Us:
Download App:
  • android
  • ios