എംഎം മണി മാപ്പ് പറയണം എന്ന് മുദ്രാവാക്യം മുഴക്കുകയാണ് പ്രതിപക്ഷം. ഡയസിന് മുന്നിലെത്തി ഈ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനം ഉന്നയിച്ച വടകര എം എൽ എയായ കെ കെ രമയ്ക്ക് എതിരെ അധിക്ഷേപ പ്രസംഗവുമായി സി പി എം നേതാവ് എം എം മണി. 'ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല'- എന്നായിരുന്നു എം എം മണിയുടെ പ്രസംഗം. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. തോന്നിവാസം പറയരുതെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ യു ഡി എഫ് അംഗങ്ങൾ നിയമ സഭയുടെ നടുത്തളത്തിൽ ഇറങ്ങിയത്.
കള്ളനുള്ള കപ്പലിലെ കപ്പിത്താൻ ആരെന്നറിയണം-കെകെ രമ
എം എം മണി മാപ്പ് പറയണം എന്ന് മുദ്രാവാക്യം മുഴക്കുകയാണ് പ്രതിപക്ഷം. സ്പീക്കർ എം ബി രാജേഷിന്റെ ഡയസിന് മുന്നിലെത്തി ഈ ആവശ്യം പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ചു. എം എം മണി പറഞ്ഞത് എന്താണെന്ന് പരിശോധിക്കാമെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. എന്നാൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയതോടെ സഭാ നടപടികൾ സ്പീക്കർ നിർത്തിവെക്കുകയും ചെയ്തു.
എസ്എഫ്ഐക്കാർ വാഴ വയ്ക്കേണ്ടത് ആഭ്യന്തര മന്ത്രിയുടെ കസേരയിൽ
പത്ത് മിനിറ്റിന് ശേഷം സ്പീക്കർ സഭാ നടപടികൾ പുനരാരംഭിച്ചു. എന്നാൽ പ്രതിപക്ഷം എം എം മണിക്കെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോയില്ല. ക്രൂരവും നിന്ദ്യവും മര്യാദകേടുമാണ് മണി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. എന്നാൽ എം എം മണിക്ക് പറയാനുള്ളത് തുടർന്ന് പറയട്ടെയെന്നാണ് സ്പീക്കർ എം ബി രാജേഷ് സ്വീകരിച്ച നിലപാട്. എം എം മണി പ്രസംഗിക്കാൻ വീണ്ടും എഴുന്നേറ്റു. എന്നാൽ പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ഡയസിന് മുന്നിലാണ് പ്രതിപക്ഷം ഇപ്പോഴുള്ളത്.
