Asianet News MalayalamAsianet News Malayalam

കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരന്‍; പൊലീസ് സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കിയെന്നും എം എം മണി

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലീസിനും മരിച്ച രാജ്കുമാറിനുമെതിരെ മന്ത്രി എം എം മണി. പൊലീസ് നേരെ ചൊവ്വെ പ്രവർത്തിച്ചില്ലെങ്കിൽ അത് സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും ബാധ്യത ആകുമെന്ന് മന്ത്രി. 

mm mani on custodial death
Author
Pathanamthitta, First Published Jun 29, 2019, 12:53 PM IST

പത്തനംതിട്ട: പീരുമേട് സബ്‍ ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാറിനെതിരെ മന്ത്രി എം എം മണി. രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നെന്ന് എം എം മണി ആരോപിച്ചു. കസ്റ്റഡി മരണത്തിന് പിന്നിലെ  ഉത്തരവാദി പൊലീസ് മാത്രമല്ലെന്നും എം എം മണി പത്തനംതിട്ടയില്‍ പറഞ്ഞു. 

ചിട്ടി തട്ടിപ്പില്‍ രാജ്കുമാറിനൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് എം എം മണി ആരോപിക്കുന്നു. ആരുടെ കാറില്‍ നിന്നാണ് രാജ്കുമാറിനെ പിടികൂടിയതെന്ന് അന്വേഷിക്കണം. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും എം എം മണി ആവശ്യപ്പെട്ടു. തട്ടിപ്പ് നടത്തിയവരെല്ലാം രാജ്കുമാറിനെ മർദ്ദിച്ചെന്നും മരണത്തിൽ പരാതി പറയുന്നവരാണ് തട്ടിപ്പിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു. 

സംഭവത്തില്‍ പൊലീസിനെയും എം എം മണി രൂക്ഷമായി വിമര്‍ശിച്ചു. പൊലീസിന്‍റെ ചെയ്തികള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുന്നുവെന്നും സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കാന്‍ പൊലീസ് അവസരം ഉണ്ടാക്കിയെന്നും എം എം മണി കുറ്റപ്പെടുത്തി. പണ്ടത്തെ പൊലീസിനെ പോലെ പ്രവർത്തിച്ചാൽ അതോടെ പൊലീസ് വഷളാകും. നേരെ പ്രവർത്തിക്കേണ്ടത് പൊലീസിന്‍റെ ബാധ്യതയാണ്. പൊലീസ് നേരെ ചൊവ്വെ പ്രവർത്തിച്ചില്ലെങ്കിൽ അത് സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും ബാധ്യത ആകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Follow Us:
Download App:
  • android
  • ios