Asianet News MalayalamAsianet News Malayalam

'കാള പെറ്റു എന്ന് ഘോഷിക്കുന്നവർ കയറുമായി ഇങ്ങോട്ടു വരണ്ട'; വൈറലായ ടയര്‍ കണക്കിനെക്കുറിച്ച് എംഎം മണി

  • ഇന്നോവ കാറിന്‍റെ ടയര്‍ 34 തവണ മാറ്റിയതിനെച്ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എംഎം മണി.
  • പ്രതികരണം ഫേസ്ബുക്ക് കുറിപ്പിലൂടെ. 
mm mani reacts to criticism against the replacement of his cars tyres
Author
Thiruvananthapuram, First Published Oct 30, 2019, 11:13 AM IST

തിരുവനന്തപുരം: രണ്ടുവര്‍ഷത്തിനിടെ മന്ത്രി എംഎം മണിയുടെ ഇന്നോവ കാറിന്‍റെ ടയര്‍ മാറ്റിയത് 34 തവണയാണെന്ന വിവരാവകാശരേഖ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി എംഎം മണിയുടെ കുറിപ്പ്. കാറിന്‍റെ മൈലേജും ഈ കാലയളവില്‍ കാര്‍ ഓടിയ സ്ഥലങ്ങളും ദൂരവും ഉള്‍പ്പെടെ വിവരിച്ചാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. കാര്‍ ഭൂരിഭാഗവും ഓടിയത് ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും നിറഞ്ഞ റോഡിലാണെന്നും ഇതിന്‍റെ ഫലമായി ടയറുകള്‍ക്ക് ആയുസ്സ് കുറയുമെന്നും എംഎം മണി കുറിച്ചു. 

യാത്രയ്ക്കിടെ അത്യാവശം വന്ന് 34 ടയറുകൾ മാറിയിട്ടുണ്ട് എന്ന് കണക്കെഴുതി മന്ത്രി പണം പറ്റുകയല്ല. ടയർ വാങ്ങി വിറ്റു പണമുണ്ടാക്കി എന്നൊക്കെ തെറ്റിധരിച്ചു പോയവരുണ്ടെങ്കിൽ അവർ കാര്യം മനസ്സിലാക്കുമെന്ന് കരുതുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എംഎം മണിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

#തെറ്റിധരിപ്പിക്കുന്നവർക്ക് #വേണ്ടിയല്ല.... #തെറ്റിധരിച്ചവർക്ക് #വേണ്ടി #മാത്രം

വിവരാവകാശത്തിൽ കിട്ടിയ ഒരു ടയർ കണക്ക് വൈറലായി ഓടുന്നുണ്ടല്ലോ... ട്രോളൻമാർ ട്രോളട്ടെ ... തമാശയല്ലേ ആസ്വദിക്കാം എന്നാണ് ആദ്യം എടുത്തത്.
എന്നാൽ അത് നിർദോഷമായ ഒരു തമാശ എന്ന നിലയിൽ നിന്നും അപവാദ പ്രചരണത്തിനുള്ള ഉപാധിയായി മാറുമ്പോൾ വസ്തുതയും തെറ്റിധരിപ്പിക്കപ്പെട്ടവർ അറിയണമല്ലോ എന്ന് തോന്നി.
എനിക്ക് അനുവദിച്ച ക്രിസ്റ്റ കാറിന്റെ (KL-01-CB - 8340 ) ടയർ 34 എണ്ണം മാറി (10 തവണ ) എന്നതു മാത്രമാണ് വിവരാവകാശ കണക്കായി പുറത്ത് വന്നത്.
ഈ കാർ ആ പറയുന്ന കാലഘട്ടത്തിൽ ആകെ എത്ര ദൂരം ഓടി , എവിടെ ഓടി എന്ന കണക്ക് കൂടി പറയേണ്ടതുണ്ട് എന്ന് തോന്നി.

സാധാരണ റോഡുകളിൽ ഓടുമ്പോൾ സുരക്ഷിതമായി ഓടുന്നതിന് ക്രിസ്റ്റ കാറിന്റെ ടയറുകൾക്ക് കിട്ടുന്ന മൈലേജ് ശരാശരി 20,000 കി. മി. മാത്രമാണ്.

ഈ കാർ ഈ കാലയളവിൽ ആകെ ഓടിയത് 1,24,075 കി.മീ. യാണ് . ഇതിൽ ഭൂരിഭാഗവും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിലാണ്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ സമയത്ത് ഓടിയെത്താൻ അത്യാവശ്യം വേഗത്തിൽ തന്നെയാണ് വണ്ടി പോയിട്ടുള്ളത്. ഇതിന്റെയൊക്കെ ഫലമായി ടയറിന്റെ ആയുസ് കുറയും. എന്നിട്ടും #14597# കിലോമീറ്റർ മൈലേജ് ടയറുകൾക്ക് കിട്ടിയിട്ടുണ്ട്.

കണക്ക് ചിത്രത്തിലുണ്ട്.

മന്ത്രിയുടെ വണ്ടിയുടെ ടയർ മാറുന്നത് മന്ത്രിയോ മന്ത്രിയുടെ ഓഫിസിൽ നിന്നോ അല്ല. പകരം ടൂറിസം വകുപ്പിലെ ചുമതലയുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ്. ടയർ പരിശോധിച്ച് മാറേണ്ടതുണ്ട് എന്ന് കൃത്യമായി ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണിത് . അല്ലാതെ യാത്രയ്ക്കിടെ അത്യാവശം വന്ന് 34 ടയറുകൾ മാറിയിട്ടുണ്ട് എന്ന് കണക്കെഴുതി മന്ത്രി പണം പറ്റുകയല്ല. ടയർ വാങ്ങി വിറ്റു പണമുണ്ടാക്കി എന്നൊക്കെ തെറ്റിധരിച്ചു പോയവരുണ്ടെങ്കിൽ അവർ കാര്യം മനസ്സിലാക്കും എന്ന് കരുതുന്നു.

കാള പെറ്റു എന്ന് ഘോഷിക്കുന്നവർ, കയ്യിലെ കയറുമായി ഇങ്ങോട്ടു വരണ്ട.

Follow Us:
Download App:
  • android
  • ios