വൈദ്യുതി മന്ത്രിയുടെ ഔദ്യോഗിക വസതിയായ സാനഡുവില്‍ വച്ചാണ് സമരസമിതി നേതാക്കളെ എംഎം മണി കണ്ടത്. രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ച പക്ഷേ സമവായത്തില്‍ എത്താതെ പരാജയപ്പെടുകയായിരുന്നു.
തിരുവനന്തപുരം: ശാന്തിവനത്തിലൂടെ കടന്നു പോവുന്ന വൈദ്യുത ടവര്‍ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണം എന്നാവശ്യപ്പെട്ട് ശാന്തിവനം സംരക്ഷണ സമിതിയും വൈദ്യുതി മന്ത്രി എംഎം മണിയും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനാവില്ലെന്ന് വൈദ്യുതി മന്ത്രി പറഞ്ഞതായി സമരസമിതി നേതാക്കള്‍ പറഞ്ഞു. ഇരുപത് വര്‍ഷം മുന്‍പേ തീരുമാനിക്കപ്പെട്ട അലൈന്‍മെന്‍റ് ആണിതെന്നും ഇത്രയും കാലം സമരസമിതി നേതാക്കള്‍ എന്തു ചെയ്യുകയായിരുന്നുവെന്നും ചോദിച്ച മന്ത്രി ഒരു ഘട്ടത്തില്‍ പോലും പദ്ധതിയെക്കുറിച്ച് പരാതിയുമായി ആരും തന്നെ വന്നു കണ്ടിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
വൈദ്യുതി മന്ത്രിയുടെ ഔദ്യോഗിക വസതിയായ സാനഡുവില്‍ വച്ചാണ് സമരസമിതി നേതാക്കളെ എംഎം മണി കണ്ടത്. രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ച പക്ഷേ സമവായത്തില്‍ എത്താതെ പരാജയപ്പെടുകയായിരുന്നു. ശാന്തിവനത്തിലൂടെയുള്ള അലൈന്‍മെന്‍റ് മാറ്റുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക എന്നിവയായിരുന്നു സമരസമിതിയുടെ ആവശ്യങ്ങള്‍.
ചര്‍ച്ചയ്ക്ക് ശേഷം പുറത്തേക്ക് വന്ന ശാന്തിവനം ഉടമ വീണാ മേനോന്‍ വൈകാരികമായി മാധ്യമങ്ങളോട് പ്രതികരിച്ചെങ്കിലും പിന്നാലെ എത്തിയ സമരസമിതി കണ്‍വീനര്‍ കുസുമം ജോര്‍ജ് അവരെ തടഞ്ഞു. ചര്‍ച്ചയില്‍ ഉടനീളം മാന്യമായാണ് മന്ത്രി പെരുമാറിയതെന്ന് പറഞ്ഞ അവര്‍ ഇത്രകാലമായി പദ്ധതി സര്‍ക്കാരിന് മുന്നിലുണ്ടായിട്ടും. വളരെ വൈകി ഇപ്പോഴാണ് പരാതിയുമായി വരുന്നതെന്ന് എന്ന കാര്യം ചൂണ്ടിക്കാട്ടിയെന്നും അവര്‍ പറഞ്ഞു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ നിശ്ചയിച്ച ഒരു പദ്ധതിയാണിതെന്നും 2003-ല്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തിരുന്നുവെന്നും മന്ത്രി സമരസമിതി നേതാക്കളോട് പറഞ്ഞു.
ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി എംഎം മണിയുടെ വാക്കുകള്‍
എസ്. ശര്‍മ വഴിയാണ് സമരക്കാര്‍ തന്നെ കാണാനെത്തിയത്. 20 വര്‍ഷം മുന്‍പേ തയ്യാറാക്കിയ പ്രൊജക്ട് ആണിത്. ഏഴ് കോടി അന്ന് ചെലവ് കണ്ട ഈ പദ്ധതിക്ക് ഇപ്പോള്‍ 30 കോടി ചെലവായി. 2013 മുതല്‍ പദ്ധതിക്കെതിരെ സമരം ചെയ്യുന്നുവെന്നാണ് സമരസമിതിക്കാര്‍ പറയുന്നത്. അവര്‍ ഹൈക്കോടതിയിലും മറ്റും പോയെങ്കിലും വിധി എതിരായിരുന്നു. പിന്നീട് ജില്ലാ കളക്ടര്‍ ഇടപെട്ട് ചര്‍ച്ച നടത്തുകയും ടവറിന്‍റെ ഉയരം ശാന്തിവനത്തിനെ ബാധിക്കാത്ത രീതിയില്‍ കൂട്ടാം എന്നും തീരുമാനിച്ചിരുന്നു. 40,000-ത്തോളം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു പദ്ധതിയാണ് ഇത്. 110 കെവി ലൈന്‍ ആണ് വലിക്കുന്നത്. സമരസമിതിയിലെ നേതാക്കളില്‍ ചിലര്‍ക്ക് ഇതേക്കുറിച്ച് വ്യക്തമായി മനസ്സിലായിട്ടുണ്ട്. ഒന്നരമണിക്കൂറോളം അവരുമായി താന്‍ ചര്‍ച്ച നടത്തി. ഇരുപത് വര്‍ഷം മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നും ചെയ്യാതെ ഇപ്പോള്‍ വന്ന് ബഹളം വച്ചിട്ട് ഒരു കാര്യവുമില്ലെന്ന് അവരോട് താന്‍ പറഞ്ഞു. എനിക്ക് അവരുടെ കാര്യത്തില്‍ വിഷമമുണ്ട്. പക്ഷേ നിര്‍മ്മാണം അവസാനഘട്ടത്തിലെത്തിയ ഒരു പദ്ധതി ഇനി ഉപേക്ഷിക്കാനാവില്ല. ഹൈക്കോടതി വരെ അംഗീകരിച്ച ഒരു പദ്ധതി ഉപേക്ഷിച്ചാല്‍ മന്ത്രിയായ താന്‍ കുഴപ്പത്തിലാവും. ജൈവവൈവിധ്യ ബോര്‍ഡ് നല്‍കിയ കത്തിന് മറുപടി നല്‍കേണ്ടത് ഞാനല്ല കെഎസ്ഇബിയാണ് അതവര്‍ കൊടുക്കും.
