തെരഞ്ഞെടുപ്പ് കാലത്ത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്നും സിപിഎം ജില്ല നേതൃത്വം അഭിപ്രായപ്പെട്ടു. ഫിഷറീസ് വകുപ്പിൻ്റെ പരിപാടിയിൽ വെച്ചാണ് എം എം മണി മന്ത്രി സജി ചെറിയാനെതിരെ വിമർശനമുന്നയിച്ചത്.

‌തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരായ എംഎം മണി എംഎൽഎയുടെ പരാമർശത്തിൽ വിലയിരുത്തലുമായി സിപിഎം നേതൃത്വം. സംഘാടകർക്ക് പിഴവ് പറ്റിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഉദ്ഘാടനം ഓൺലൈൻ ആണെന്ന് കൃത്യമായി മണിയെ അറിയിച്ചില്ലെന്നും മന്ത്രിയില്ലെന്ന് അവസാന നിമിഷം അറിയിച്ചത് ആശയക്കുഴപ്പത്തിന് കാരണമായെന്നും നേതൃത്വം പറയുന്നു. അതേ സമയം എം എം മണിയുടെ പരാമർശങ്ങൾ ദോഷം ചെയ്യുമോയെന്നും ആശങ്ക ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്നും സിപിഎം ജില്ല നേതൃത്വം അഭിപ്രായപ്പെട്ടു. ഫിഷറീസ് വകുപ്പിൻ്റെ പരിപാടിയിൽ വെച്ചാണ് എം എം മണി മന്ത്രി സജി ചെറിയാനെതിരെ വിമർശനമുന്നയിച്ചത്.

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ചെങ്കുളം മൾട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാമിന്റെ ഓൺലൈ ഉദ്ഘാടന വേദിയിലാണ് സംഭവമുണ്ടായത്. മന്ത്രി നേരിട്ടെത്താതെ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചതാണ് മണിയെ ചൊടിപ്പിച്ചത്. 'മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുത്' എന്ന് തുറന്നടിച്ച എം എം മണി, ഞങ്ങളെയൊക്കെ എന്തിനാണ് വെറുതെ മെനക്കെടുത്തിയതെന്നും ചോദിച്ചു. 

തന്റെ ഭാഷയിൽ പലതും പറഞ്ഞുപോകുമെന്നും ഒരു പൊതുപരിപാടിയായതിനാലാണ് കടുപ്പിക്കാത്തതെന്നും എം എം മണി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്തിരുന്ന് ഉദ്ഘാടനം നടത്തുന്നതിനെ പരിഹസിക്കുകയും ചെയ്തു. മേലാൽ തന്നെ ഇത്തരം പരിപാടികൾക്ക് ക്ഷണിക്കരുതെന്ന കർശന താക്കീതും അദ്ദേഹം നൽകി. പ്രസംഗം പൂർത്തിയാക്കാതെയും ഉദ്ഘാടന ചടങ്ങുകൾക്കായി കാത്തുനിൽക്കാതെയും വേദി വിട്ടിറങ്ങിയ മണിയുടെ നടപടി പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ അമ്പരപ്പിച്ചിരുന്നു.