കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ അപകടകരമായ വിധത്തിൽ കാറോടിച്ചതിന് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചതായി പരാതി. കളമശ്ശേരി സ്വദേശി ടിനു മുരളിക്കാണ് മർദ്ദനമേറ്റത്.  അപകടം വരുത്തുന്ന രീതിയിൽ കാറോടിച്ചതിന് യുവാവിനെതിരെ പൊലീസ് കേസെടുത്ത് പിഴ ഈടാക്കിയിരുന്നു.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.  കലൂർ സ്റ്റേഡിയത്തിൽ പ്രഭാത സവാരിക്കെത്തിയ ആളുകൾക്ക് ഇടയിലൂടെ ടിനു അപകടകരമായ വേഗത്തിൽ കാറോടിച്ചു എന്നാണ് പരാതി. ഇവിടെയുണ്ടായിരുന്ന ചിലർ വാഹനം തടയാൻ ശ്രമിച്ചു. ഇവരെ വെട്ടിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ബാരിക്കേഡിലിടിച്ച് ടയർ പഞ്ചറായി. പുറത്തിറങ്ങിയ ടിനുവിനെ ആളുകൾ മ‍ദ്ദിച്ചുവെന്നാണ് പരാതി. ടിനുവിന്റെ വളർത്തു നായയും വാഹനത്തിലുണ്ടായിരുന്നു. 

സ്റ്റേഡിയത്തിലുണ്ടായിരുന്നവരിൽ ചിലർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ടിനുവിനെ സ്റ്റേഷനിലെത്തിച്ചു. റോഡിൽ അളുകൾ ഇല്ലാതിരുന്ന സമയത്താണ് വേഗത്തിൽ വാഹനം ഓടിച്ചതെന്നാണ് ടിനു പറയുന്നത്. കാറിനു മുന്നിൽ നിന്ന് ഒരാൾ കല്ലെറിയാൻ തുടങ്ങിയപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചതെന്നും പതിനഞ്ചോളം പേർ ചേർന്നാണ് മർദ്ദിച്ചതെന്നും ടിനു പറയുന്നു.

സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർക്ക് ടിനു പരാതി നൽകി. മനുഷ്യാവകാശ കമ്മീഷനും പരാതി നൽകും. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും പകർച്ച വ്യാധി നിരോധന നിയമ പ്രകാരവും ടിനുവിനെതിരെ കേസെടുത്ത് 2000 രൂപ പിഴ ഈടാക്കിയതായി പൊലീസ് പറഞ്ഞു. ആൾക്കൂട്ടം മർദ്ദിച്ചതു സംബന്ധിച്ച പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.