തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് റിയൽ മീറ്റ് കമ്മീഷനെന്ന് മോഡൽ സൗമ്യ എക്സൈസിന് മൊഴി നൽകിയതായി വിവരം
ആലപ്പുഴ: ആലപ്പുഴയിലെ വിവാദ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് എക്സൈസിന് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോഡൽ സൗമ്യ. തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് 'റിയൽ മീറ്റ്' കമ്മീഷനെന്നാണ് മോഡൽ മൊഴി നൽകിയത്. തസ്ലിമയെ 5 വർഷമായി അറിയാമെന്ന് മോഡൽ ആയ സൗമ്യ വിശദീകരിച്ചു.
റിയൽ മീറ്റ് (Real meet) ലൂടെയാണ് തസ്ലിമയെ പരിചയപ്പെട്ടതെന്നും സിനിമാ താരങ്ങളായ ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും അറിയാമെന്നും സൗമ്യ പറഞ്ഞതായാണ് വിവരം. താരങ്ങൾ സുഹൃത്തുക്കളാണെന്നും ലഹരി ഇടപാട് അറിയില്ലെന്നുമാണ് ഇവർ വ്യക്തമാക്കിയത്. എന്നാൽ തസ്ലിമയുടെ ലഹരി ഇടപാട് അറിയില്ലെന്ന മോഡലിൻ്റെ മൊഴി എക്സൈസ് വിശ്വാസത്തിലെടുത്തില്ല. ചോദ്യം ചെയ്യൽ തുടരുകയാണ്. അതിനിടെ ലൈംഗിക ഇടപാടിന് ഇവർ ഉപയോഗിക്കുന്ന പദമാണോ റിയൽ മീറ്റ് എന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്.
അതേസമയം ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നാണ് നടൻ ഷൈൻ ടോം ചാക്കോ മൊഴി നൽകിയത്. എംഡിഎംഎ (മെത്താഫിറ്റമിൻ) ആണ് ഉപയോഗിച്ചിട്ടുള്ളത്. ലഹരി വിമുക്തിക്കായി ഷൂട്ട് വരെ മാറ്റി വെച്ച് ഡി അഡിക്ഷൻ സെന്ററിലാണ്. തസ്ലീമയുമായി ലഹരി ഇടപാടുകൾ ഇല്ല. ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണെന്ന താരത്തിൻ്റെ മൊഴി ശരിവെക്കുന്ന രേഖകളുമായി മാതാപിതാക്കളും ചോദ്യം ചെയ്യൽ നടക്കുന്ന സ്ഥലത്തെത്തി.
.
