കോഴിക്കോട്: മാർക്ക് ദാന വിവാദത്തിൽ പ്രതിപക്ഷം ആരോപണം കടുപ്പിച്ചിരിക്കെ തെറ്റ് ചെയ്‌തിട്ടില്ലെന്ന നിലപാടിലുറച്ച് മന്ത്രി കെടി ജലീൽ. മുന്നിൽ വരുന്ന പ്രശ്നങ്ങളെ മനുഷ്യത്വത്തോടെ കണ്ട് പ്രവർത്തിക്കുമെന്ന് അദ്ദേഹം മുക്കത്ത് പറഞ്ഞു. ബിപി മൊയ്‌തീൻ സേവാമന്ദിരത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയതായിരുന്നു മന്ത്രി. മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട സംഭവത്തിൽ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളുടെ മനസ് മനസിലാവുന്ന ഒരു അദ്ധ്യാപകൻ കൂടിയാണ് താനെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. "48 മാർക്ക് ആ വിഷയത്തിൽ കിട്ടി. ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ അഞ്ചാം റാങ്കുകാരനായി അദ്ദേഹം പാസായി. ബിടെക് ഹോണേഴ്സ് ഡിഗ്രി 91 ശതമാനം മാർക്കോടെ പാസായതിന് സാങ്കേതിക സർവ്വകലാശാലയിൽ നിന്ന് ശ്രീഹരിക്ക് കിട്ടി. ദേവസ്വം ബോർഡിലെ തൂപ്പുകാരന്റെ മകനായ ആ കുട്ടി അദാലത്തിൽ തന്റെ പ്രയാസം പറഞ്ഞു. ഇനി വകുപ്പില്ല, മറ്റെന്തെങ്കിലും വഴി നോക്കൂവെന്ന് ആ കുട്ടിയോട് പറഞ്ഞിരുന്നെങ്കിൽ, എന്താകുമായിരുന്നു സംഭവിക്കുക? എങ്ങാനും ആ കുട്ടി വല്ല കടുംകൈയ്യും ചെയ്താൽ, ഇന്ന് ഞങ്ങളെ പ്രതിസ്ഥാനത്ത് നിർത്താൻ ആഗ്രഹിക്കുന്ന കുട്ടികളുണ്ടല്ലോ, അവര് പറയും ഇതാ മന്ത്രിക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന്."

"നമ്മുടെ മുന്നിൽ വരുന്ന പ്രശ്നങ്ങളിൽ മനുഷ്യത്വപരമായി സമീപിക്കാൻ വ്യക്തിക്കായാലും രാഷ്ട്രീയക്കാർക്കായാലും ഭരണാധികാരികൾക്കായാലും സാധിക്കണം. ഇതൊക്കെ മഹാ അപരാധവും തെറ്റും ചട്ടത്തിന് വിരുദ്ധവുമാണെങ്കിൽ, പൊതുപ്രവർത്തകനെന്ന നിലയിൽ ഈ തെറ്റുകൾ ആവർത്തിക്കാനാണ് ഇഷ്ടമെന്ന് പറയാൻ എനിക്ക് അശേഷം മടിയില്ല. ആകാശം ഇടിഞ്ഞുവീണാലും ഭൂമി പിളർന്നാലും ആ നിലപാടുകളുമായി മുന്നോട്ട് പോകണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അനദികൃതമായി ആർക്കും ഒന്നും ചെയ്തുകൊടുക്കേണ്ട. പക്ഷെ അർഹതപെട്ടത് നിഷേധിക്കരുത്. ഒരു മന്ത്രിയുടെ പക്കൽ വരുന്നത് അവസാനത്തെ അത്താണിയെന്ന നിലയിലാണ്. ചെയ്യാൻ പറ്റുന്നതാണെങ്കിൽ ചെയ്തുകൊടുക്കാൻ സാധിക്കണം. 10-12 വർഷം ഒരു കോളേജിലെ അദ്ധ്യാപകനായിരുന്നു ഞാനും, ഒരു മന്ത്രി മാത്രമല്ല. ഒരു വിദ്യാർത്ഥിയുടെ മാനസികാവസ്ഥ എന്താണെന്ന് എനിക്ക് നന്നായിട്ടറിയാം. അന്യായമായൊന്നും വിദ്യാർത്ഥികൾ ആരിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷെ ന്യായമായത് അവർക്ക് നൽകുക എന്നത് ഒരു അദ്ധ്യാപകന്റെ ചുമതലയാണ്, ഒരു ഭരണാധികാരിയുടെ ചുമതലയാണ്," മന്ത്രി പറഞ്ഞു.

മന്ത്രി മുക്കത്ത് എത്തിയപ്പോഴും തിരികെ പോകുമ്പോഴും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചു.  മന്ത്രിയെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ക്ക് ദാനം നടത്തിയ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രദേശത്ത് പ്രതിഷേധവുമായി നിലയുറപ്പിച്ചിരുന്നു.

മുക്കത്ത് മാര്‍ക്ക്ദാന തട്ടുകട ഒരുക്കിയും യൂത്ത് കോണ്‍ഗ്രസ് മന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് മുക്കത്തും പരിസര പ്രദേശങ്ങളിലും പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.