Asianet News MalayalamAsianet News Malayalam

കരിപ്പൂർ വിമാനാപകടം: അടിയന്തര രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, പ്രധാനമന്ത്രി ഫോണിൽ വിളിച്ചു

അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു

Modi dials Pinarayi over Karipur flight accident
Author
Karipur, First Published Aug 7, 2020, 9:45 PM IST

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള അപകടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ ചോദിച്ചു. രക്ഷാപ്രവർത്തനത്തിന് സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി വിശദീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയർപോർട്ടിൽ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

പൈലറ്റ് അടക്കം രണ്ട് പേർ മരണമടഞ്ഞിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരം ലഭ്യമായിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവർക്ക് ചികിത്സ നൽകാനും മറ്റെല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താനും സംസ്ഥാന ഗവൺമെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാരിന്റെ സർവ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.  തൃശൂരിൽ നിന്ന് മന്ത്രി കരിപ്പൂരിലേക്ക് പുറപ്പെട്ടു. ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്. 

ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാരിന്റെ  എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചു. മരണങ്ങളിൽ മുഖ്യമന്ത്രി അനുശോചനം  രേഖപ്പെടുത്തി. രാത്രി 7.38 ഓടെയാണ് അപകടം നടന്നത്. ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ 1344 നമ്പർ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി 30-50 അടിയോളം താഴ്ചയിലേക്ക് വീണു. വിമാനം രണ്ടായി പിളർന്നുപോയി. 167 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിന്റെ ക്യാപ്റ്റൻ ദീപക് വസന്ത് സാഥേയടക്കം രണ്ട് പേർ മരിച്ചതായാണ് വിവരം.

Follow Us:
Download App:
  • android
  • ios