തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ക്യാംപില്‍ തുടരുന്നു. വട്ടിയൂര്‍ക്കാവിലേയും കോന്നിയിലേയും സ്ഥാനാര്‍ത്ഥികളെ ചൊല്ലിയാണ് പ്രധാനമായും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ നേരത്തെ കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന പീതാംബരക്കുറിപ്പിനെ മറികടന്ന് മനുഷ്യാവകാശ കമ്മീഷനംഗം കെ മോഹന്‍കുമാറിന്‍റെ പേരാണ് ഇപ്പോള്‍ നേതൃത്വത്തിന്‍റെ മുന്നിലുള്ളത്. 

ഇന്നലെ രാത്രി നടന്ന ചര്‍ച്ചകളിലാണ് പീതാംബരക്കുറിപ്പിനെ വെട്ടി മോഹന്‍കുമാര്‍ മുന്നിലെത്തിയത്. പ്രാദേശിക നേതൃത്വം ഉയര്‍ത്തിയ പ്രതിച്ഛായ പ്രശ്നവും എതിര്‍സ്ഥാനാര്‍ത്ഥികളേയും പരിഗണിച്ചാണ് വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറിപ്പിന് പകരം മോഹന്‍കുമാര്‍ എന്ന നിലപാടിലേക്ക് നേതൃത്വമെത്തിയത്. എന്നാല്‍ താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് പകരം മറ്റൊരാളെ മുരളീധരനെകൊണ്ട് അംഗീകരിപ്പിക്കുക എന്നതാണ് നേതൃത്വത്തിന് മുന്നിലെ വെല്ലുവിളി മോഹന്‍കുമാറിന്‍റെ പേരിനോട് മുരളീധരന്‍ വലിയ താത്പര്യം കാണിക്കുന്നില്ലെന്നാണ് സൂചന. 

ഇന്ന് പാലക്കാട് മനുഷ്യാവകാശകമ്മീഷന്‍റെ സിറ്റിംഗില്‍ പങ്കെടുക്കേണ്ടിയിരുന്ന മോഹന്‍കുമാര്‍ പരിപാടി റദ്ദാക്കി തിരുവനന്തപുരത്ത് എത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. പീതാംബരക്കുറിപ്പിനെ തഴഞ്ഞ് മോഹന്‍കുമാറിനെ പരിഗണിക്കുന്നതില്‍ മുരളീധരന് എതിര്‍പ്പുള്ളതായുള്ള വാര്‍ത്തകള്‍ ഇതിനിടെ പുറത്തുവന്നിരുന്നു. ഇതോടെ മുരളീധരന്‍റെ വസതിയിലെത്തിയ മോഹന്‍ കുമാര്‍ അദ്ദേഹത്തെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി. 

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മുരളീധരന്‍ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഒരു തർക്കത്തിനില്ലെന്ന് വ്യക്തമാക്കി. ഞാനായിട്ട് പാർട്ടിക്ക് പ്രശ്നമുണ്ടാക്കില്ല. എന്റെ അഭിപ്രായം പാർട്ടി ഫോറത്തിൽ കൃത്യമായി അറിയിച്ചിട്ടുണ്ട്. യുഡിഎഫിന് അനുകൂലമായൊരു ട്രെൻഡ് ഇപ്പോൾ നിലവിലുണ്ട് അതു ഞാനായിട്ട് ഇല്ലാതാക്കില്ല. വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് നിശ്ചയിക്കും. കോൺ​ഗ്രസ് ഏത് സ്ഥാനാർത്ഥിയെ നിർത്തിയാലും ജയിക്കും - മുരളീധരൻ പറഞ്ഞു. 

പീതാംബരക്കുറിപ്പ് തന്നെ മത്സരിക്കണം എന്ന വാശി മുരളീധരന്‍ ഉപക്ഷേച്ചെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അദ്ദേഹം പൂര്‍ണതൃപ്തനല്ല എന്നാണ് സൂചന. മുരളിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ ചെന്നിത്തലയും മുല്ലപ്പള്ളിയും ചേര്‍ന്നു നടത്തുന്നുണ്ട്. വട്ടിയൂർക്കാവിലേക്ക് ഇന്നലെ വരെ മുൻകൊല്ലം എംപിയായ പീതാംബരക്കുറിപ്പിനെയാണ് പാർട്ടി സജീവമായി പരി​ഗണിച്ചിരുന്നത്. എന്നാൽ പീതാംബരക്കുറിപ്പിനെതിരെ വട്ടിയൂർക്കാവിലെ പ്രാദേശികനേതാക്കൾ ഉയർത്തിയ പ്രതിഷേധം കാര്യങ്ങൾ സങ്കീർണമാക്കി. 

താൻ മത്സരിക്കാനെത്തുമ്പോൾ ഇതിലും ഇരട്ടി പ്രതിഷേധം നേരിട്ടുന്നുവെന്ന് പറഞ്ഞ് മുരളീധരൻ പീതാംബരക്കുറിപ്പിനെതിരായ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞെങ്കിലും കെപിസിസി നേതൃത്വം ഇതിനെ ​ഗൗരവമായി തന്നെ എടുത്തു. ഐ ​ഗ്രൂപ്പിന്റെ സിറ്റിം​ഗ് സീറ്റായ വട്ടിയൂർക്കാവിൽ രമേശ് ചെന്നിത്തലയുടെ താത്പര്യവും നിർണായകമായി ഇതാണ് മുൻ കൊല്ലം ഡിസിസി പ്രസിഡന്റും മനുഷ്യാവകാശ കമ്മീഷണറുമായ മോഹൻ കുമാറിന്റെ സാധ്യതയേറ്റിയത്.

തിരുവനന്തപുരത്ത് എത്തി ചെന്നിത്തലയേയും മുരളീധരനേയും കണ്ട മോഹൻകുമാർ സ്ഥാനാർത്ഥിത്വമോഹം മറച്ചു വച്ചില്ല സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങി വരാൻ സമയമായെന്നും സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ശുഭപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പരസ്യപ്രതികരണം നടത്തേണ്ട സാഹചര്യമായിട്ടില്ല. മേഘങ്ങൾ പോയ് മറയുമെന്നും രണ്ട് ദിവസത്തിനുള്ളിൽ ചിത്രം തെളിയുമെന്നും അദ്ദേഹം പറഞ്ഞു.