മലപ്പുറം: തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് വേണ്ടി യുഡിഎഫ് സ്ഥാനാർത്ഥി പണം നൽകിയെന്ന് പരാതി. നിലമ്പൂരിലെ ഇരുപത്തിയേഴാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് ഖാനെതിരെയാണ് പരാതി. വോട്ടു ചോദിച്ചെത്തിയ ഫിറോസ് ഖാൻ 1500 രൂപ നിർബന്ധിച്ചു നൽകിയെന്ന് വോട്ടറായ ശകുന്തള പരാതിയിൽ പറയുന്നു. മലപ്പുറം അടക്കം നാല് ജില്ലകളിൽ ഇന്ന് പരസ്യപ്രചരണം അവസാനിക്കുകയാണ്. ഇതിനിടെയാണ് വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നു വെന്നാരോപണം ഉയരുന്നത്. 

അതിനിടെ കൊണ്ടോട്ടി നഗരസഭയിലെ 28-ാം വാർഡായ ചിറയിലിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന താജുദ്ധീൻ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ മൊബൈൽ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വീട്ടിലെത്തി ആ വീട്ടിൽ എത്ര വോട്ടർമാരുണ്ടെന്ന് കണക്കെടുത്താണ് ഇയാൾ പണം നൽകാൻ ശ്രമിച്ചത്. എന്നാൽ വോട്ടർ പണം നിരസിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. 

സംഭവത്തിൽ കൊണ്ടോട്ടി പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാ‍ർഡിലെ വേറെ ഏതൊക്കെ വീടുകളിൽ ഇയാൾ പോയി എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന താജുദ്ധീൻ നേരത്തെ കോൺ​ഗ്രസിൽ പ്രവ‍ർത്തിച്ചിരുന്നയാളാണ്. പിന്നീട് പാ‍ർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുട‍ർന്ന് കോൺ​ഗ്രസിൽ നിന്നും ഒഴിവായി. തുടർന്ന് സ്വതന്ത്രനായി മത്സരിക്കുകയാണ്. 

അതേ സമയം വോട്ടിന് പണം ആരോപണങ്ങളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തഹസിൽദാർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയെന്നും കലക്ടർ വ്യക്തമാക്കി. 

 

കൊണ്ടോട്ടിയിൽ വോട്ട‍‍ർമാരെ പണം നൽകി സ്വാധീനിക്കാൻ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ശ്രമം