മലപ്പുറം: തദ്ദേശതെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്നയാൾ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി. കൊണ്ടോട്ടി നഗരസഭയിലെ 28-ാം വാർഡായ ചിറയിലിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന താജുദ്ധീനാണ് വോട്ടർമാർക്ക് വീട്ടിലെത്തി പണം നൽകാൻ ശ്രമിച്ചത്. സംഭവത്തിൻ്റെ മൊബൈൽ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

മലപ്പുറം അടക്കം നാല് ജില്ലകളിൽ ഇന്ന് പരസ്യപ്രചരണം അവസാനിക്കുകയാണ്. ഇതിനിടെയാണ് ഇന്നലെ രാത്രി ചിറയിൽ വാർഡിലെ ചില വോട്ടർമാരുടെ വീട്ടിലെത്തി സ്വതന്ത്രസ്ഥാനാർത്ഥിയായ താജുദ്ധീൻ പണം നൽകി വോട്ടുകൾ ഉറപ്പിക്കാൻ ശ്രമിച്ചത്. വീട്ടിലെത്തി ആ വീട്ടിൽ എത്ര വോട്ടർമാരുണ്ടെന്ന് കണക്കെടുത്താണ് ഇയാൾ പണം നൽകാൻ ശ്രമിച്ചത്. എന്നാൽ വോട്ടർ പണം നിരസിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. 

സംഭവത്തിൽ കൊണ്ടോട്ടി പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാ‍ർഡിലെ വേറെ ഏതൊക്കെ വീടുകളിൽ ഇയാൾ പോയി എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന താജുദ്ധീൻ നേരത്തെ കോൺ​ഗ്രസിൽ പ്രവ‍ർത്തിച്ചിരുന്നയാളാണ്. പിന്നീട് പാ‍ർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുട‍ർന്ന് കോൺ​ഗ്രസിൽ നിന്നും ഒഴിവായി. 

കൊണ്ടോട്ടി ന​ഗരസഭയിലെ 28-ാം വാ‍‍ർഡിൽ ആപ്പിൾ ചിഹ്നത്തിൽ സ്വതന്ത്രസ്ഥാനാ‍ർത്ഥിയായിട്ടാണ് ഇയാൾ മത്സരിക്കുന്നത്. വാ‍ർഡിൽ യുഡിഎഫിനെ പ്രതിനധീകരിച്ച് മുസ്ലീംലീ​ഗാണ് മത്സരിക്കുന്നത്. കൂടാതെ എൽഡിഎഫിനും ബിജെപിക്കും ഇവിടെ സ്വന്തമായി സ്ഥാനാ‍ർത്ഥികളുണ്ട്. മറ്റു പാർട്ടികളുമായി ഇയാൾക്ക് ബന്ധമുള്ളതായി വിവരമില്ല. സമ്പന്നനായ താജുദ്ധീൻ പണം നൽകി വോട്ട് വാങ്ങി ജയിക്കാനാണ് ശ്രമിക്കുന്നതെന്ന് മറ്റു പാർട്ടിക്കാ‍ർ ആരോപിക്കുന്നു. കഴിഞ്ഞ തവണ അതിശക്തമായ മത്സരം നടന്ന വാർഡാണ് ചിറയിൽ. 2015-ൽ ലീ​ഗിൻ്റെ വനിതാ സ്ഥാനാ‍ർത്ഥി സുഹറാബി വെറും ഒരു വോട്ടിനാണ് ഇവിടെ ജയിച്ചത്.