പണക്കിഴി വിവാദത്തിൽ പ്രതിഷേധം നടത്താത്തത് ചോദ്യം ചെയ്തതിന് പാർട്ടി ജില്ലാ ഭാരവാഹിക്ക് നേരെ ഭീഷണി ഉണ്ടായി.  ജില്ലാ ഐടി സെൽ കോ ഓർഡിനേറ്റർ ആർ രാജേഷിനെ  ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത് വന്നു. ബിജെപി മണ്ഡലം പ്രസിഡന്‍റ് എ ആർ രാജേഷ് ആണ് ഫോൺ വിളിച്ച ഭീഷണിപ്പെടുത്തിയത്.

കൊച്ചി: തൃക്കാക്കര ന​ഗരസഭയിലെ പണക്കിഴി വിവാദത്തെച്ചൊല്ലി ബിജെപിയിലും തമ്മിലടി. പണക്കിഴി വിവാദത്തിൽ പ്രതിഷേധം നടത്താത്തത് ചോദ്യം ചെയ്തതിന് പാർട്ടി ജില്ലാ ഭാരവാഹിക്ക് നേരെ ഭീഷണി ഉണ്ടായി. ജില്ലാ ഐടി സെൽ കോ ഓർഡിനേറ്റർ ആർ രാജേഷിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത് വന്നു.

ബിജെപി മണ്ഡലം പ്രസിഡന്‍റ് എ ആർ രാജേഷ് ആണ് ഫോൺ വിളിച്ച ഭീഷണിപ്പെടുത്തിയത്. ബിജെപി ഗ്രൂപ്പിലെ വിമർശനത്തിനാണ് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സംഭവം നടന്നതാണെന്ന് ആർ രാജേഷ് സ്ഥിരീകരിച്ചു. തന്നെ ഭീഷണിപ്പെടുത്തിയ മണ്ഡലം പ്രസിഡന്റിനെതിരെ ജില്ലാ പ്രസിഡന്‍റിന് പരാതി നൽകിയെന്നും ആർ രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

പണക്കിഴിവിവാദത്തിൽ കോൺഗ്രസ് അന്വേഷണ കമ്മീഷന്‍റെ തെളിവെടുപ്പ് നാളെ നടക്കാനിരിക്കുകയാണ്. മൊഴിയിൽ ഉറച്ചു നിൽക്കുമെന്ന് കോൺ​ഗ്രസ് കൗൺസിലർ വി ഡി സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ കൗൺസിലർമാർക്ക് പണം നൽകിയിട്ടുണ്ട്. ഇത് തെളിയിക്കാൻ കഴിയും. പാർട്ടി കമ്മീഷന് മുന്നിൽ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പണം കൈമാറിയെന്ന് സമ്മതിച്ച, കോൺഗ്രസിലെ ഏക കൗൺസിലറാണ് സുരേഷ്. 

കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയിൽ ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്സൻ 10,000 രൂപയും സമ്മാനിച്ചത്. പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവർ കവർ ചെയർപേഴ്സണ് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് അടക്കം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. സംഭവം വിവാദമായത്തോടെയാണ് ചെയർപേഴ്സന്‍റെ നടപടിയില്‍ കോൺഗ്രസ് നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചത്. പണമടങ്ങിയ കവർ ചെയർപേഴ്സണ് തിരിച്ചു നൽകുന്നതിന്‍റെ കൂടുതൽ തെളിവുകളും ഇതിനിടെ പുറത്ത് വന്നു.

പണം ആർക്കും നൽകിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നല്‍ക്കുന്ന ചെയർപേഴ്സൻ അജിത തങ്കപ്പൻ, തെളിവായി കൗൺസിലർമാർ പുറത്ത് വിട്ട വീഡിയോയിലുള്ളത് പരാതി കവറിൽ സ്വീകരിക്കുന്ന ദൃശ്യമാണെന്നും പറഞ്ഞിരുന്നു. എന്നാൽ തിരിച്ചേൽപ്പിച്ചത് പണമടങ്ങിയ കവർ തന്നെ ആണെന്ന് തെളിയിക്കാനുള്ള കൂടുതൽ വീഡിയോ കൗൺസിലർമാർ പുറത്ത് വിട്ടു. പരാതി ശരിവെച്ച് ഭരണപക്ഷ കൗൺസിലർ റാഷിദ് ഉള്ളമ്പള്ളി നടത്തിയ ഫോൺ സംഭാഷണവും പുറത്തായത് അജിത തങ്കപ്പന് തിരിച്ചടിയാകും. ചെയർപേഴ്സനെതിരെ അന്വേഷണം ആവശ്യപ്പെട്ട കോൺഗ്രസ് കൗൺസിലർ വിഡി സുരേഷ് സംഘടിപ്പിച്ച തിരുവോണ പരിപാടിയിൽ നിന്ന് പിടി തോമസ് വിട്ട് നിന്നതും വിവാദമായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona