Asianet News MalayalamAsianet News Malayalam

'മങ്കിപോക്സ് വിഷയത്തില്‍ നടത്തിയ വാർത്ത സമ്മേളനം നൽകരുത്'; വിചിത്ര നിർദേശവുമായി കൊല്ലം ജില്ലാ കളക്ടർ

ആരോഗ്യവകുപ്പിന്‍റെ വീഴ്ച വാര്‍ത്തയായതോടെയാണ് വാര്‍ത്താസമ്മേളനം നല്‍കരുതെന്ന വിചിത്ര നിർദേശം. പിആർഡി വഴിയാണ് കൊല്ലം കളക്ടർ നിർദേശം നൽകിയത്.

monkeypox strange suggestion form kollam collector after report out on serious failure of health department officials
Author
Kollam, First Published Jul 15, 2022, 4:54 PM IST

കൊല്ലം: മങ്കിപോക്സ് (Monkeypox) വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ താന്‍ നടത്തിയ വാർത്ത സമ്മേളനം മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കൊല്ലം ജില്ലാ കളക്ടർ അഫ്‌സാന പർവീൻ. വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യവകുപ്പിന്‍റെ വീഴ്ച പുറത്തായതോടെയാണ് പ്രസിദ്ധീകരിക്കരുതെന്ന വിചിത്ര നിർദേശം. പിആർഡി വഴിയാണ് കൊല്ലം കളക്ടർ നിർദേശം നൽകിയത്.

വാനരവസൂരി സ്ഥിരീകരിച്ച രോഗി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതു സംബന്ധമായുള്ള ഔദ്യോഗിക വിവരങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളുമുള്‍പ്പെടെ സംസ്ഥാനതലത്തില്‍ ലഭ്യമാക്കുമെന്നും ഈ സാഹചര്യത്തില്‍ കൊല്ലം ജില്ലാ കളക്ടര്‍ നടത്തിയ വാര്‍ത്താ സമ്മേളനം ദൃശ്യ മാധ്യമങ്ങള്‍ നല്‍കരുതെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

വാര്‍ത്താക്കുറിപ്പ് ഇങ്ങനെ:

കൊല്ലം ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരുടെ അടിയന്തര ശ്രദ്ധയ്ക്ക് 

കുരങ്ങ് പനിയുമായി ബന്ധപ്പെട്ട് ഇന്ന് (15.07.2022) കൊല്ലം ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ നടത്തിയ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സ്ഥിതി വിവരം പങ്കുവയ്ക്കുന്നതിന് മാത്രമായാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് രോഗി നിലവില്‍ ചികിത്സയിലുള്ളത്. ഇതു സംബന്ധമായുള്ള ഔദ്യോഗിക വിവരങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളുമുള്‍പ്പെടെ സംസ്ഥാനതലത്തില്‍ ലഭ്യമാക്കും.മേല്‍ സാഹചര്യത്തില്‍ ജില്ലയില്‍ കളക്ടര്‍ നടത്തിയ വാര്‍ത്താ സമ്മേളനം ദൃശ്യ മാധ്യമങ്ങള്‍ നല്‍കരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

Read Also: മങ്കിപോക്‌സ് : എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം,തെറ്റായ പ്രചരണങ്ങള്‍ നടത്തരുത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല

ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ആരോപണം

മങ്കിപോക്സ് ബാധിച്ച രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കിയതിലും രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിലും ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് ഉയരുന്ന ആരോപണം. രോഗലക്ഷണങ്ങളോടെ എത്തിയ വ്യക്തി ആദ്യം ചികിത്സ തേടിയത് സ്വകാര്യ ആശുപത്രിയിലാണ്. സ്വകാര്യ ആശുപത്രി രോഗിയെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് അയച്ചെന്ന ആദ്യ അറിയിപ്പ് തെറ്റാണ്. രോഗി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോയത് സ്വയം ടാക്സി വിളിച്ചാണെന്നുള്ള വിവരവും പുറത്തുവന്നു. സ്വകാര്യ ആശുപത്രി വിവരം അറിയിച്ചില്ലെന്ന് ഡിഎംഒയും കൃത്യ സമയത്ത് അറിയിച്ചെന്ന് സ്വകാര്യ ആശുപത്രിയും പറയുന്നു. 

രോഗി കയറിയ വാഹനങ്ങളുടെ ഡ്രൈവർമാരെ ഇതുവരെ കണ്ടെത്താനായില്ല. സ്വകാര്യ ആശുപത്രി വിവരങ്ങൾ ഒന്നും അറിയിച്ചില്ലെന്ന് കൊല്ലം ഡിഎംഒ പറയുന്നു. രോഗിക്ക് അമ്മയുമായി മാത്രം സമ്പർക്കം  എന്ന ആദ്യ അറിയിപ്പും തെറ്റാണ്. കുട്ടികൾ അടക്കം ആറു കുടുംബാംഗങ്ങളുമായി രോഗി  അടുത്ത സമ്പർക്കം പുലര്‍ത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 

Read Also:  മങ്കിപോക്സ് പടരുന്നു ; കുട്ടികളിൽ പ്രധാനമായി ശ്രദ്ധിക്കേണ്ടത്...

കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇ സമയം വൈകുന്നേരം 5 മണിക്കുള്ള ഷാര്‍ജ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ (6E 1402, സീറ്റ് നമ്പര്‍ 30 സി) എത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത് . വിമാനത്തില്‍ 164 യാത്രക്കാരും 6 കാബിന്‍ ക്രൂബുമാണ് ഉണ്ടായിരുന്നത്. അതില്‍ ഇദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ട് പട്ടികയിലുള്ളവരാണ്. ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണം നടത്തുകയും 21 ദിവസത്തിനകം എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. പലരുടേയും ഫോണ്‍ നമ്പര്‍ ലഭ്യമല്ലാത്തതിനാല്‍ പോലീസിന്‍റെ  സഹായത്തോടു കൂടി ഇവരെ ബന്ധപ്പെട്ടു വരികയാണെന്നും മന്ത്രി പറ‌ഞ്ഞു. 

കുടുംബാംഗങ്ങളില്‍ അച്ഛനും അമ്മയും, ഓട്ടോ ഡ്രൈവര്‍, ടാക്‌സി ഡ്രൈവര്‍, സ്വകാര്യ ആശുപത്രിയിലെ ഡെര്‍മറ്റോളജിസ്റ്റ്, തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 യാത്രക്കാര്‍ എന്നിവരാണ് ഇപ്പോള്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ഉദ്യോഗസ്ഥരേയും രോഗിയുടെ ബഗേജ് കൈകാര്യം ചെയ്തവരേയും നിരീക്ഷിക്കുന്നതാണ്.

രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കും. രോഗിയുമായി മുഖാമുഖം വരിക, രോഗി ധരിച്ച വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കിടക്ക എന്നിവ ഉപയോഗിക്കുക, പിപിഇ കിറ്റ് ഇടാതെ സമീപിക്കുക, രോഗം വന്നയാളുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നിവ ക്ലോസ് കോണ്ടാക്ട് ആയി വരും.

തെറ്റായ പ്രചരണങ്ങള്‍ നടത്തരുത്. എല്ലാ ജില്ലകളും ബോധവത്ക്കരണം ശക്തമാക്കണം. എന്തെങ്കിലും സംശയമുള്ളവര്‍ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Read Also:  മങ്കിപോക്സ് എത്രത്തോളം അപകടകരമാണ്? ​ഗവേഷകർ പറയുന്നത്...

Follow Us:
Download App:
  • android
  • ios