വിവരങ്ങള്‍ കൈമാറാന്‍ തയ്യാറല്ല എന്നായിരുന്നു മോന്‍സന്‍റെ നിലപാട്. തനിക്ക് ഉന്നത ബന്ധങ്ങളുണ്ടെന്ന് മോന്‍സന്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.  

കൊച്ചി: ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസ് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തോട് പുരാവസ്‍തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കൽ (Monson Mavunkal) കയർക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തന്നെ താഴ്ത്തിക്കാണരുതെന്നും തന്‍റെ ബന്ധങ്ങളെക്കുറിച്ച് പൊലീസ് സംഘത്തിന് വേണ്ടപോലെ അറിയില്ലെന്നും വീഡിയോയിലുണ്ട്. ഹരിപ്പാടെ ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട ആറുകോടി 27 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടിൽ വിവരശേഖരണത്തിനാണ് ഡിവൈഎസ്പിയും സംഘവും രണ്ടുമാസം മുമ്പ് കൊച്ചി കലൂരിലുളള വീട്ടിലെത്തിയത്. ശ്രീവത്സം നൽകിയ പരാതിക്ക് ബദലായി മോൻസനും പരാതി നൽകിയിരുന്നു. അന്വേഷണസംഘത്തോട് സഹകരിക്കാൻ താല്‍പ്പര്യമില്ലെന്നായിരുന്നു മോൻസന്‍റെ നിലപാട്.

YouTube video player

തന്നെക്കുറിച്ച് ചേർത്തലയിലെ വീട്ടുപരിസരത്ത് പോയി അന്വേഷിച്ചത് എന്തിനാണെന്നാണ് ഉദ്യോഗസ്ഥരോട് മോൻസൻ ചോദിക്കുന്നത്. അത് തങ്ങളുടെ ജോലിയുടെ ഭാഗമാണെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകുന്നു. ഈ ഘട്ടത്തിലാണ് തന്റെ സ്വാധീനത്തെക്കുറിച്ച് മോൻസൻ തന്നെ പറയുന്നത്. മോൻസൻ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് ഇതെന്നാണ് കരുതുന്നത്. ഇതിനിടെ മോൻസനെ കസ്റ്റഡിയിൽ വാങ്ങാൻ തിരുവനന്തപുരത്തുനിന്നുളള ക്രൈംബ്രാഞ്ച് സംഘം നാളെ കോടതിയെ സമീപിക്കും. ശിൽപി സുരേഷിന്‍റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ക്രൈംബ്രാഞ്ച് സംഘം മോൻസനെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങുന്നത്. മറ്റ് ചില കേസുകളും നാളെ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. മോൻസന്‍റെ പക്കൽ നിന്ന് പിടിച്ചെടുത്ത വിവിധ രേഖകളുടെ പരിശോധനയും നാളെ തുടങ്ങും.