2014 ൽ ഒരു കൊല്ലനെ കൊണ്ട് ഇയാൾ തോക്ക് നിർമ്മിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഏലത്തോട്ടത്തിൽ വരുന്ന കാട്ടുപന്നിയെ വെടിവക്കാനും, നായാട്ടിനുമായാണ് ഇയാൾ തോക്ക് നിർമ്മിച്ചത്.

ഇടുക്കി: ഇടുക്കി മൂലമറ്റം (Moolamattom) വെടിവെപ്പ് കേസിലെ പ്രതി ഫിലിപ്പ് മാർട്ടിൻ ആക്രമണത്തിന് ഉപയോഗിച്ചത് നാടൻ തോക്കെന്ന് പൊലീസ്. തോക്ക് ഇയാൾ തന്നെ പണി കഴിപ്പിച്ചതാണ്. 2014 ൽ ഒരു കൊല്ലനെ കൊണ്ട് ഇയാൾ തോക്ക് നിർമ്മിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തന്റെ ഏലത്തോട്ടത്തിൽ വരുന്ന കാട്ടുപന്നിയെ വെടിവക്കാനും, നായാട്ടിനുമായാണ് ഇയാൾ തോക്ക് നിർമ്മിച്ചത്. തോക്കിന്റെ ചിത്രം ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു.

തട്ടുകടയിലുണ്ടായ തര്‍ക്കമാണ് മൂലമറ്റത്തെ വെടിവെപ്പില്‍ കലാശിച്ചതും ഒരാളുടെ ജീവനെടുത്തതും. വെടിയുതിര്‍ത്ത ഫിലിപ്പ് മാർട്ടിനും സുഹൃത്തും കടയിലെത്തി ബഹളമുണ്ടാക്കിയെന്നും ബഹളം വയ്ക്കരുതെന്ന് കടയിലെ മറ്റുള്ളവര്‍ ആവശ്യപ്പെട്ടതോടെ ഇയാള്‍ പ്രകോപിതനായെന്നും തട്ടുകട ഉടമ സൗമ്യ പറഞ്ഞു. 'രാത്രി പത്തരയോടെ ബീഫ് ആവശ്യപ്പെട്ടാണ് മാര്‍ട്ടിന്‍ കടയിലെത്തുന്നത്. എന്നാല്‍ ഇത് തീര്‍ന്നെന്ന് അറിയിച്ചതോടെ ഇയാള്‍ ബഹളമുണ്ടാക്കി. ഇത് കടയില്‍ പാഴ്സല്‍ വാങ്ങാനെത്തിയ യുവാക്കള്‍ ചോദ്യംചെയ്തു. മാര്‍ട്ടിന്‍ പിന്നാലെ വീട്ടില്‍ പോയി തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തോക്കുമായെത്തി തെറിവിളിയായിരുന്നു. വണ്ടി കുറെ തവണ കറക്കി. വെടിവെച്ചു. കടയിൽ നിന്ന് 200 മീറ്റർ മാറിയാണ് വെടിവെപ്പ് നടന്നത്. ഒരാള്‍ കൊല്ലപ്പെട്ട വിവരം പിന്നീടാണ് അറിയുന്നതെന്നും സൗമ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വെടിയേറ്റ് മരിച്ച സനലിന്റെ സംസ്കാരം ഇന്ന് നടക്കും. കീരിത്തോട് പൊതുശ്മശാനത്തിൽ രാവിലെ 11 മണിക്കാണ് സംസ്കാരം. ശനിയാഴ്ച രാത്രിയാണ് സനലിനും സുഹൃത്ത് പ്രദീപിനും വെടിയേറ്റത്. ബസ് ജീവനക്കാരനായ സനൽ ആയിരുന്നു അദ്ദേഹത്തിന്‍റെ കുടുംബത്തിന്റെ ഏക ആശ്രയം. പ്രദീപ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. പ്രദീപ് വെന്റിലേറ്ററിൽ ഐസിയുവിലാണുള്ളത്. ശസ്ത്രക്രിയയിലൂടെ ശരീരത്തിൽ നിന്നും ഒരു വെടിയുണ്ട നീക്കം ചെയ്തു. നാടൻ തോക്കിൽ നിന്നുള്ള ചെറിയ വെടിയുണ്ടകളാണ് ശരീരത്തിലുള്ളത്. കൂടുതൽ വെടിയുണ്ടകൾ ഉണ്ടോയെന്ന് പരിശേോധിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

കേസിൽ അറസ്റ്റിലായ ഫിലിപ്പ് മാര്‍ട്ടിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പൊലീസ്. ഫിലിപ്പ് മാർട്ടിൻ മാത്രമാണ് കേസിലെ പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. മൂലമറ്റം അശോക് കവലയിലെ തട്ടുകടയിൽ കയറി പ്രശ്നം ഉണ്ടാക്കുകയും വഴിയാത്രക്കാരായ യുവാക്കളെ വെടിവച്ചതും ഫിലിപ്പ് മാർട്ടിൻ ഒറ്റക്കെന്നാണ് പൊലീസ് പറയുന്നത്.