തിരുവനന്തപുരം: തലസ്ഥാന ജില്ലയെ ആശങ്കയിലാഴ്ത്തി കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ച 722 കൊവിഡ് കേസുകളില്‍ 339 പേര്‍ തിരുവനന്തപുരത്താണ്. ഇതോടെ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 1000 കടന്നു.

സമ്പർക്കത്തിലൂടെ രോഗം പടരുന്നത് ജില്ലയില്‍ വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇന്ന് സ്ഥിരീകരിച്ച 339 കൊവിഡ് കേസുകളില്‍ 301 കേസുകള്‍ സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നുണ്ട്.  ഉറവിടമില്ലാത്ത കേസുകള്‍ 16 എണ്ണമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുജനം കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണം. പൊതു സ്ഥലങ്ങളില്‍ സാനിറ്റൈസര്‍ ഉറപ്പാക്കുകയും കൊവിഡ് വ്യാപനത്തിന്‍റെ സാഹര്യം മനസിലാക്കി ബ്രേക്ക് ചെയിന്‍ മൂന്നാം ഘട്ടത്തിന് വലിയ പ്രചാരണം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.