അപേക്ഷ നൽകുക പോലും ചെയ്യാതെ ഇടനിലക്കാരന്‍റെ പിൻബലത്തിൽ ഞൊടിയിടയിൽ അനിധികൃത കെട്ടിടത്തിന് നന്പർ തരപ്പെടുത്തിയ അജയഘോഷാണ് ഗൂഢാലോചനയിൽ പ്രധാനിയെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പ് കേസിൽ അനധികൃതമായി കെട്ടിട നമ്പർ തരപ്പെടുത്തിയ മരപ്പാലം സ്വദേശി അജയഘോഷിനേയും പ്രതി ചേർക്കും. തട്ടിപ്പ് നടത്തിയതിന് നടപടി നേരിട്ട താത്കാലിക ജീവനക്കാർ, കാൽ നൂറ്റാണ്ടിലേറെ നഗരസഭയിൽ ജോലി ചെയ്യുന്നവരാണെന്നും അന്വേഷണസംഘം കണ്ടെത്തി. അതിനിടെ നേമത്ത് കെട്ടിട നന്പറില്ലാതെ കെട്ടിപ്പൊക്കിയ കടമുറി പൊളിച്ചുനീക്കാത്തതിൽ നഗരസഭാ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

അപേക്ഷ നൽകുക പോലും ചെയ്യാതെ ഇടനിലക്കാരന്‍റെ പിൻബലത്തിൽ ഞൊടിയിടയിൽ അനിധികൃത കെട്ടിടത്തിന് നന്പർ തരപ്പെടുത്തിയ അജയഘോഷാണ് ഗൂഢാലോചനയിൽ പ്രധാനിയെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇയാളെ ചോദ്യം ചെയ്ത് ഇടനിലക്കാരനിലേക്കും തട്ടിപ്പിൽ പങ്കാളികളായ മറ്റ് ഉദ്യോഗസ്ഥരിലേക്കും എത്താനാകുമെന്നാണ് പ്രതീക്ഷ.നഗസരഭ നടപടിയെടുത്ത താത്കാലിക ജീവനക്കാർ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരായ സജിയും ഇന്ദുവുമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. 

Read More: തിരുവനന്തപുരം കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പ്, ഉദ്യോഗസ്ഥർക്കും പങ്കെന്ന് സംശയം

ഇന്ദു 27ഉം സജി 24ഉം വർഷമായി നഗരസഭയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ. നഗരസഭയിലെ അനുഭവ പരിചയം കൈമുതലാക്കി ഇടനിലക്കാരിൽ നിന്ന് പണം വാങ്ങി ഇരുവരും തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് കാലാകാലങ്ങളായി ഇരുവരും നഗരസഭയിൽ വിലസുന്നത്. തട്ടിപ്പ് നടത്തിയതിന് കൂടാതെ പാസ്‍വേ‍ഡ് കൈക്കലാക്കി ക്രമക്കേട് നടത്തിയതിന് ഐടി ആക്ട് നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. 

കൈക്കൂലിയുടെ പങ്ക് സ്ഥിരം ജീവനക്കാരിലാരെങ്കിൽ കൈപ്പറ്റിയോ എന്നാണ് അന്വേഷണം. അതിനിടെ പ്ലാനും മറ്റ് അനുബന്ധരേഖകളും ഹാജരാക്കാതെ കെട്ടിപ്പൊക്കിയ നേമം ശാന്തിവിള നളന്ദ ഗാർഡനിൽ നിർമ്മിച്ച കടമുറി 2 മീറ്റർ വീതിയിൽ പൊളിച്ചുനീക്കാത്തതിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നഗരസഭാ സെക്രട്ടറിയെ വിളിച്ചുവരുത്തും. ഏപ്രിൽ 12ന് എക്സിക്യുട്ടീവ് എഞ്ചിനിയർ കെട്ടിടം പൊളിക്കാൻ നിർദ്ദേശം നൽകിയിട്ടും നടപടി വൈകുന്നതിനെതിരെയാണ് നടപടി. കാലതാമസമുണ്ടായതിന്‍റെ വിശദീകരണവും ഈമാസം 25ന് നൽകണം.