Asianet News MalayalamAsianet News Malayalam

തിരുത്താൻ ഒരുക്കമല്ലാതെ 'ചെകുത്താൻ'; 'പണി വരുന്നുണ്ട് അവറാച്ചാ' എന്ന് പൊലീസ്; നടപടി കടുത്തേക്കും

മോഹൻലാലിനെതിരെ ടെറിട്ടോറിയൽ ആർമിക്ക് പരാതി നൽകുമെന്നും തിരുവല്ല സ്വദേശിയായ യൂട്യൂബർ അജു അലക്സ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

More action may be taken against YouTuber Aju Alex aka chekuthan on mohanlan abuse issue
Author
First Published Aug 10, 2024, 6:30 PM IST | Last Updated Aug 11, 2024, 8:34 AM IST

കൊച്ചി: വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയ നടന്‍ മോഹന്‍ലാലിനെതിരായ അധിക്ഷേപവീഡിയോയുടെ പേരില്‍ അറസ്റ്റിലായ യൂട്യൂബര്‍ ചെകുത്താൻ എന്ന അജു അലക്സിനെതിരെ കൂടുതല്‍ നടപടി വന്നേക്കും. മോഹൻ ലാലിനെതിരെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി ചെകുത്താൻ എന്ന അജു അലക്സ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചതിന് പിന്നാലെയാണ് പൊലീസും കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് അറിയിച്ചത്. 

അറസ്റ്റിലായിട്ടും തിരുത്താൻ ഒരുക്കമല്ലെന്നാണ് ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിന്‍റെ പ്രതികരണം. സൈന്യത്തിന്‍റെ വിലപ്പെട്ട സമയം താരം നഷ്ടപ്പെടുത്തിയെന്നാണ് യൂട്യൂബർ ആരോപിക്കുന്നത്. നവമാധ്യമങ്ങളിലൂടെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. മോഹൻലാലിനെതിരെ ടെറിട്ടോറിയൽ ആർമിക്ക് പരാതി നൽകുമെന്നും തിരുവല്ല സ്വദേശിയായ യൂട്യൂബർ അജു അലക്സ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താരസംഘടനയുടെ പരാതിയിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു അജുവിന്‍റെ പ്രതികരണം. അതേസമയം, ചെകുത്താനെതിരെ കൂടുതൽ നിയമനടപടി വരുമെന്ന് പൊലീസ് വ്യക്തമാക്കി.

ടെറിട്ടോറിയൽ ആർമിയുടെ ഭാഗമായ നടൻ മോഹൻലാലിനെ അപമാനിച്ചതിൽ നടപടി ആവശ്യപ്പെട്ട് അമ്മ ജന. സെക്രട്ടറി നടൻ സിദ്ദിഖ് പൊലീസിൽ നൽകിയ പരാതിയിലാണ് അജു അലക്സിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അജുവിനെ അറസ്റ്റ് ചെയ്ത തിരുവല്ല പൊലീസ്, ഇന്നലെ കൊച്ചി ഇടപള്ളിയിലെ താമസസ്ഥലത്ത് എത്തിച്ച് തെളിവെടുത്തിരുന്നു. കമ്പ്യൂട്ടറും മൊബൈൽ ഫോണുമടക്കം എല്ലാം പിടിച്ചെടുത്തിരുന്നു. അജുവിനെതിരായ നിയമനടപടിയിൽ മോഹൻലാൽ തന്നെ നേരിട്ട് ഇടപെട്ടെന്ന് സിഐ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന യൂട്യൂബർമാർക്കെതിരെ ശക്തമായ നിയമനടപടിക്ക് ഉന്നതതതല നിർദേശം ലഭിച്ചതായും പൊലീസ് പറയുന്നു.

ആരാണ് 'ചെകുത്താൻ'?

അറസ്റ്റിന് പിന്നാലെ ആരാണ് ചെകുത്താന്‍ എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. പത്തനംതിട്ടക്കാരനായ അജു അലക്സ് എങ്ങനെയാണ് വിവാദ യൂട്യൂബറായ ചെകുത്താന്‍ ആയി മാറിയത് എന്ന് നോക്കാം. പത്തനംതിട്ട തിരുവല്ല സ്വദേശിയാണ് അജു അലക്സ്. അജുവിന്‍റെ ഫേസ്ബുക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ പേരാണ് യഥാര്‍ഥത്തില്‍ ചെകുത്താൻ.

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അജു സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. ആദ്യകാലങ്ങളില്‍ മതങ്ങളേയും മതാചാര്യന്മാരേയും വിമര്‍ശിച്ചുകൊണ്ടായിരുന്നു വീഡിയോകള്‍. നിരീശ്വരവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അജു തന്‍റെ ചാനലിനും അത്തരത്തിലൊരു പേര് വേണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ചെകുത്താന്‍ എന്ന പേര് കണ്ടെത്തുന്നത്. പേര് കേള്‍ക്കുമ്പാഴുള്ള ആകാംഷയും ചാനലിന്‍റെ ഉള്ളടക്കവും ചെകുത്താന്‍റെ കാഴ്ചക്കാരെ കൂട്ടി.

ഇപ്പോഴത്തെ വിവാദമെന്ത്?

താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്‍റെ പരാതിയിലായിരുന്നു ഇപ്പോഴത്തെ പൊലീസ് നടപടി. മോഹന്‍ ലാലിന്‍റെ വയനാട് സന്ദര്‍ശനത്തെ പരിഹസിച്ചുള്ള വീഡിയോയാണ് ചെകുത്താന്‍ എന്ന പേരില്‍ നവമാധ്യമങ്ങളില്‍ പരിചിതനായ അജു അലക്സിനെ കുടുക്കിയത്. അശ്ലീലം നിറഞ്ഞ ഭാഷയില്‍ മോഹന്‍ ലാലിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് സിദ്ദിഖ് പൊലീസില്‍ പരാതി നല്‍കിയത്. 

ചെകുത്താനെതിരെ മുമ്പും കേസുകള്‍

യൂട്യൂബിലൂടെ നടീനടന്മാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് ഇതിന് മുമ്പും ചെകുത്താനെതിരെ കേസെടുത്തിട്ടുണ്ട്. നടന്‍ ബാല നൽകിയ പരാതിയിൽ പാലാരിവട്ടം പോലീസാണ് അന്ന് കേസെടുത്തത്. ചെകുത്താന്‍റെ വീട്ടില്‍ ബാല എത്തിയതും പിന്നീട് ബാല തന്നെ കൊലപ്പെടുത്താനെത്തി എന്ന് ചെകുത്താന്‍ പരാതിപ്പെട്ടതും നാടകീയ സംഭവങ്ങളായി. മുമ്പ് പല തവണ തെറിയഭിഷേകം നടത്തിയിട്ടും സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ചെകുത്താനെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളം ഒറ്റക്കെട്ടായി ഒരു മഹാദുരന്തത്തെ നേരിടുമ്പോള്‍ ചെകുത്താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കൈവിട്ടുപോയി എന്നാണ് ഏറെ ആളുകളും സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്.

ഭാരതീയ ന്യായ സംഹിത 192, 236 (ബി), കേരള പൊലീസ് ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമാണ് അജു അലക്സിന് എതിരായ കേസ്. മോഹന്‍ലാലിന്‍റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്‍റെ പരാമര്‍ശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. അതേ സമയം നിരൂപണമെന്ന പേരില്‍ സിനിമാപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് താരസംഘടനയുടെ തീരുമാനം. 

Latest Videos
Follow Us:
Download App:
  • android
  • ios