'ശബരിമല ദര്‍ശനത്തിനും പണം വാങ്ങി, ഹൈദരാബാദില്‍ ഓഫീസ്'; ഐജി ലക്ഷ്മണിനെതിരെ കൂടുതല്‍ ആരോപണം
അന്നത്തെ ആഭ്യന്തര സെക്രട്ടറി ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ മുൻ പൊലീസ് മേധാവി ബെഹ്റയോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ കാര്യമായി അന്വേഷമൊന്നും നടക്കാതെ സംഭവം ഒതുക്കി. അന്ന് രക്ഷപ്പെട്ട ലക്ഷമൺ ആണിപ്പോൾ മോൻസൻ മാവുങ്കൽ തട്ടിപ്പിന് കുടപിടിച്ചു കുടുങ്ങുന്നത്.

തിരുവനന്തപുരം: മോന്‍സന്‍ കേസിൽപ്പെട്ട് സസ്പെൻഷനിലായ ഐജി ലക്ഷ്മൺ (IG G Lakshman) ശബരിമല (Sabarimala) ദർശനത്തിനായി ഭക്തരിൽ നിന്നും വ്യാപകമായി പണം വാങ്ങിയെന്ന വിവരവും പുറത്ത്. ഇതിനായി ഹൈദരാബാദിൽ ഓഫീസ് തുറന്നുവെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടും ഐജിക്കെതിരെ നടപടി എടുക്കാതെ പരാതി ഒതുക്കി. ഒന്നാം പിണറായി സർക്കാരിന്‍റെ ശബരിമല തീർത്ഥാടന കാലത്താണ് ദർശനത്തിനായി പണം വാങ്ങുന്ന കാര്യം ഉന്നത ഉദ്യോഗസ്ഥർ അറിയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അതിഥികളും ബന്ധുക്കളുമൊക്കെയെത്തുമ്പോള്‍ ശബരിമലയിലെ ഡ്യൂട്ടിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ദർശന സൗകര്യമൊരുക്കാൻ പറയുക പതിവ് സംഭവമാണ്.
പക്ഷെ ഐജി ലക്ഷമണയുടെ അതിഥികളായി നിരവധിപ്പേർ ഓരോ ദിവസവും ശബരിമല ദർശനത്തിനെത്തിയതോടെയാണ് സംശയം തുടങ്ങിയത്. ശബരിമലയിലുള്ള സ്പെഷ്യൽ ഓഫീസർമാർ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ വിവമറിയിച്ചു. സ്പെഷ്യൽ ബ്രാഞ്ചും അന്വേഷിച്ചു. ഹൈദരാബാദില്‍ ദർശനത്തിന് സൗകര്യമൊരുക്കാന്‍ ഒരു ഓഫീസ് തന്നെ തുടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതിന് പിന്നിൽ ലക്ഷമണാണെന്ന വിവരവും ആഭ്യന്തരവകുപ്പിനും ഉന്നത പൊൊലീസ് ഉദ്യോഗസ്ഥർക്കും ലഭിച്ചു. 10,000 രൂപ മുതൽ ഒരാളിൽ നിന്നും വാങ്ങിയെന്ന വിവരവും ലഭിച്ചു. അന്നത്തെ ആഭ്യന്തര സെക്രട്ടറി ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ മുൻ പൊലീസ് മേധാവി ബെഹ്റയോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ കാര്യമായി അന്വേഷമൊന്നും നടക്കാതെ സംഭവം ഒതുക്കി. അന്ന് രക്ഷപ്പെട്ട ലക്ഷമൺ ആണിപ്പോൾ മോൻസൻ മാവുങ്കൽ തട്ടിപ്പിന് കുടപിടിച്ചു കുടുങ്ങുന്നത്.
- Read Also : IG Lakshmana|മോൻസൺ കേസ് ; ഐജി ലക്ഷ്മണൻ തെറിച്ചു; സസ്പെൻഷൻ ഉത്തരവ്, മുഖ്യമന്ത്രി ഒപ്പിട്ടു