ചീരാലിലെ കടുവയെ പിടിക്കാൻ തീവ്രശ്രമം നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കടുവയെ പിടിക്കാൻ കുങ്കിയാനകളെ എത്തിക്കും. 

വയനാട്: ചീരാലിലെ കടുവയെ പിടിക്കാൻ തീവ്രശ്രമം നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കടുവയെ പിടിക്കാൻ കുങ്കിയാനകളെ എത്തിക്കും. കൂടുവെച്ചോ മയക്കുവെടി വെച്ചോ കടുവയെ പിടി കൂടുമെന്നും മന്ത്രി പറഞ്ഞു. 30 സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും അതിന് പുറമേ നൈറ്റ്മെയർ ക്യാമറ സ്ഥാപിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഇത് ഇന്ന് വൈകുന്നേരത്തോടെ തന്നെ പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ഇന്ന് മുതൽ കുങ്കിയാനകളുടെ സഹായവും ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുണ്ട്. അവിടെ അമ്പതോളം ഫോറസ്റ്റ് ഉ​ദ്യോ​ഗസ്ഥർ ഈ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. കടുവയെ ഇനിയും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ആവശ്യമായ ഫോഴ്സിനെ മറ്റ് സ്ഥലങ്ങളിൽ നിന്നെത്തിക്കാനും ആലോചിക്കുന്നുണ്ട്.

ചീരാലിൽ വീണ്ടും കടുവയിറങ്ങി, പശുവിനെ ആക്രമിച്ചു, പ്രതിഷേധവുമായി നാട്ടുകാര്‍

ഇന്നലെ മാത്രം 3 പശുക്കളെയാണ് കടുവ ആക്രമിച്ചത്. നാട്ടുകാരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. ചീരാൽ മേഖലയിൽ ഒന്നര മാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 12 വളർത്തുമൃഗങ്ങളാണ്. വീണ്ടും വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കടുവയെ ഉടൻ പിടികൂടാനായില്ലെങ്കിൽ രൂക്ഷമായ ജനരോഷം നേരിടേണ്ടി വരുമോ എന്ന ആശങ്ക വനം വകുപ്പിനുണ്ട്. ഇതിനിടെ വളർത്ത് മൃഗങ്ങൾ നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം ഉടൻ നൽകാൻ നടപടി സ്വീകരിച്ചതായി വയനാട് ജില്ലാ കളക്ടർ വ്യക്തമാക്കി.

ചീരാലിലെ കടുവയെ ഉടൻ പിടികൂടുമെന്ന് എ.കെ ശശീന്ദ്രൻ