Asianet News MalayalamAsianet News Malayalam

നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് മലപ്പുറത്ത് വ്യാപക അറസ്റ്റ്; കൊവിഡ് ചികിത്സയില്‍ ആയിരുന്ന ആള്‍ക്ക് രോഗം ഭേദമായി

ഏപ്രില്‍ 20 ന് ശേഷം നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭാഗികമായ ഇളവുകളൊന്നും ജില്ലയില്‍ ബാധകമാവില്ല.

more arrest in Malappuram for violating lockdown restrictions
Author
Malappuram, First Published Apr 21, 2020, 12:50 PM IST

മലപ്പുറം: നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് മലപ്പുറത്ത് ഉച്ചവരെ 42 പേര്‍ അറസ്റ്റില്‍. പതിമൂന്ന് വാഹനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തത്. ജില്ലയില്‍ ലോക്ക് ഡൗണ്‍ കാലാവധി തീരുന്ന മെയ് മൂന്ന് വരെ നിലവിലെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മലിക്ക് അറിയിച്ചിട്ടുണ്ട്. പതിമൂന്ന് കേന്ദ്രങ്ങളാണ് അതി തീവ്രമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. 

ഏപ്രില്‍ 20 ന് ശേഷം നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭാഗികമായ ഇളവുകളൊന്നും ജില്ലയില്‍ ബാധകമാവില്ല. അതി തീവ്രമേഖലകളായ പഞ്ചായത്തുകളിലും നഗരസഭകളിലും അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ അനുവദിക്കില്ല. അത്യാവശ്യ യാത്രകള്‍ മാത്രമെ രോഗബാധിത പഞ്ചായത്തുകള്‍ക്ക് അകത്തും അനുവദിക്കുന്നുള്ളൂ. പുറത്തിറങ്ങുന്നവരെ പൊലീസ് കര്‍ശനമായി പരിശോധിക്കുന്നുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു

അതേസമയം മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന ആൾ ഇന്ന് വീട്ടിലേക്ക് മടങ്ങും. വിദഗ്ധ ചികിത്സക്ക് ശേഷം കൊവിഡ് രോഗമുക്തനായ കല്‍പകഞ്ചേരി കന്മനം തൂവ്വക്കാട് സ്വദേശി പാറയില്‍ അബ്ദുള്‍ ഫുക്കാര്‍  ആണ് ഇന്ന് ആശുപത്രി വിടുന്നത്. തുട‍‍ർച്ചയായുള്ള മൂന്ന് ടെസ്റ്റിലും ഇയാളുടെ ഫലം നെഗറ്റീവായിരുന്നു. തുടര്‍ ചികിത്സയ്ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം ഇയാളുടെ ആരോഗ്യാവസ്ഥ തൃപ്തികരമായതിനാലുമാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലേയ്ക്ക് മടക്കി അയക്കുന്നത്. അടുത്ത 14 ദിവസം ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയും. 

അതേസമയം കൊവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധനക്കുള്ള റിയല്‍ ടൈം പൊളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍.ടി.പി.സി.ആര്‍) പരിശോധനാ ലബോറട്ടറി മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പ്രവര്‍ത്തനം തുടങ്ങും. ലാബിന്  ഐസിഎംആറിന്‍റെ അനുമതി കിട്ടിയതോടെയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് പരിശോധന കേന്ദ്രങ്ങളുടെ എണ്ണം 12- ആയി ഉയ‍‍ർന്നു. 
 

Follow Us:
Download App:
  • android
  • ios