കൊച്ചി: എറണാകുളം മാർക്കറ്റിൽ നിന്നുള്ള കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്നതിൽ ആശങ്ക. ഇതോടെ പരിശോധനകൾ കർശനമാക്കുകയാണ് ജില്ലാ ഭരണകൂടം. പൊതുജനം അനാവശ്യമായി മാർക്കറ്റുകളിലേക്ക് എത്തുന്നത് ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

മാർക്കറ്റിൽ നിന്നുള്ള കൂടുതൽ പേരുടെ സാമ്പിൾ പരിശോധന നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മൊബൈൽ മെഡിക്കൽ ടീം എറണാകുളം മാർക്കറ്റിൽ ജോലി ചെയ്യുന്ന 83 പേരുടെ സാമ്പിൾ ശേഖരിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ളവരെ ഇതിനകം തന്നെ നിരീക്ഷണത്തിലാക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽ ബാങ്കുകൾ ഉൾപ്പെടെ അടച്ചിടാനും നിർദ്ദേശമുണ്ട്. കൊവിഡ് നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധന കർശനമാക്കുകയാണ് ജില്ലാ ഭരണകൂടം. 

അനാവശ്യമായി പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നത് ഒഴിവാക്കണം. രോഗലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യവകുപ്പിനെ കൃത്യസമയത്ത് വിവരമറിയിക്കണമെന്നും നിർദ്ദേശമുണ്ട്. ബസുകൾ, ടാക്സി കാറുകൾ ഓട്ടോറിക്ഷകൾ എന്നിവ ഓടിക്കുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. വാഹനങ്ങൾ എല്ലാ ദിവസവും അണുവിമുക്തമാക്കണം. വാഹനങ്ങളിൽ ഡ്രൈവർമാരെയും യാത്രക്കാരെയും വേർതിരിക്കുന്ന കംപാർട്ട്മെന്റ് 15 ദിവസത്തിനകം സ്ഥാപിക്കണമെന്നും അധികൃതർ അറിയിച്ചു.

Read more: രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നു; മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും പ്രതിദിന കണക്കില്‍ റെക്കോർഡ് വർധന