Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് ആറ് മരണം

തിരുവനന്തപുരം കൊച്ചുതറ ശാന്തിഭവൻ വൃദ്ധസദനത്തിലെ അന്തേവാസിയായ മേരി (79) ആണ് മരിച്ചത്. എട്ടുമാസമായി കിടപ്പുരോ​ഗിയായിരുന്ന മേരി ഇന്നലെയാണ് മരിച്ചത്.

more covid death reported in kerala today
Author
Thiruvananthapuram, First Published Jul 31, 2020, 6:12 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം കൊച്ചുതറ ശാന്തിഭവൻ വൃദ്ധസദനത്തിലെ അന്തേവാസിയായ മേരി (79) ആണ് മരിച്ചത്. എട്ടുമാസമായി കിടപ്പുരോ​ഗിയായിരുന്ന മേരി ഇന്നലെയാണ് മരിച്ചത്. ആന്റിജൻ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളുടെ എണ്ണം ആറ് ആയി. 

എറണാകുളത്ത് രണ്ടും പേരും കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവും കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചിരുന്നു. എറണാകുളത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൂനമ്മാവ് സെന്‍റ് തെരേസാസ് കോൺവെന്‍റിലെ  കന്യാസ്ത്രി എയ്ഞ്ചൽ ആണ്എ മരിച്ച ഒരാൾ. എൺപത് വയസ്സായിരുന്നു. ഈ മാസം 24ന് മഠത്തിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് സിസ്റ്ററിനെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് നടത്തിയ സ്രവ പരിശോധനയിലാണ് സിസ്റ്റർ എയ്ഞ്ചലിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സിസ്റ്ററിന് ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളുമുണ്ടായിരുന്നുവെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം പി അഷ്‌റഫും ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. 53 വയസായിരുന്നു. അമിത രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29-ാം തിയതിയാണ് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് ന്യൂമോണിയ ബാധിച്ചതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. 

 കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സിദ്ധിഖാണ് മരിച്ച മറ്റൊരാൾ.  പക്ഷാഘാതത്തിനും കിഡ്നി സംബന്ധമായി അസുഖങ്ങള്‍ക്കും ചികില്‍സയ്ക്കായാണ് സിദ്ദിഖ് മെഡിക്കല്‍ കോളേജിലെത്തുന്നത്. അവിടെ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരികരിക്കുകയായിരുന്നു. സിദ്ധിഖിന്‍റെ രോഗ ഉറവിടം വ്യക്തമല്ല. 

നെടുമ്പന സ്വദേശി ബാലകൃഷ്ണൻ നായർ (82) ആണ് കൊല്ലത്ത് മരിച്ചത്. കൊവിഡ് ബാധിതനായിരുന്ന ബാലകൃഷ്ണന് ചികിത്സയ്ക്കിടെ ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. കൊവിഡ് ബാധിതനായി ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബാലകൃഷ്ണൻ നായർ. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. 

അതേസമയം, കാസർകോട് ജില്ലയിൽ ഒരാൾക്ക് കൂടി മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് മരിച്ച തൃക്കരിപ്പൂർ സ്വദേശി അബ്ദുറഹ്മാനാണ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. കാസർകോട് ജില്ലയിലെ എട്ടാമത്തെ കൊവിഡ് മരണമാണ് ഇത്. കടുത്ത പ്രമേഹ രോഗിയായിരുന്നു അബ്ദുറഹ്മാൻ. ഇയാളുടെ മകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൃക്കരിപ്പൂർ കൈക്കോട്ട് കടവിലെ വിവാഹ ചടങ്ങിൽ ഇയാളുടെ മകൻ പങ്കെടുത്തിരുന്നു. ഈ വിവാഹ ചടങ്ങിൽ പങ്കെടുത്ത 13 പേർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. 

Follow Us:
Download App:
  • android
  • ios