തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങൾക്ക് സുരക്ഷ ഒരുക്കാനുള്ള സിംസ് പദ്ധതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പദ്ധതി തുടങ്ങാൻ കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്തും ശ്രമിച്ചിരുന്നു. വിദേശ കമ്പനിയുമായി കെൽട്രോൺ കരാറിൽ ഒപ്പിട്ടെങ്കിലും കമ്പനി സാമ്പത്തികമായി തകർന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

2013 ലാണ് സിംസ് പദ്ധതിയെന്ന ആശയം ഉയരുന്നത്. ഉമ്മൻചാണ്ടി സർക്കാർ കെൽട്രോണിന് നടത്തിപ്പിനുള്ള അനുമതി നൽകിയ ഉത്തരവിറക്കി. 2014 ഒക്ടോബര്‍ 15നാണ് ഉത്തരവിറക്കിയത്. പിന്നാലെ സാങ്കേതിക പരിജ്ഞാനം ഉള്ള കമ്പനിയെ കണ്ടെത്താൻ കെൽട്രോൺ ആഗോള ടെണ്ടർ വിളിച്ചു. ഷാർജയിലെ ഒരു സ്ഥാപനമായിരുന്നു ടെണ്ടറിൽ യോഗ്യത നേടിയത്. പക്ഷെ പിന്നാട് കമ്പനി സാമ്പത്തികമായി തകർന്നതോടെ പദ്ധതി തുടങ്ങാതെ ഉപേക്ഷിച്ചു. പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷമാണ് വീണ്ടും സിംസിനെ കുറിച്ചുള്ള ചർച്ച തുടങ്ങിയത്. പൊലീസും കെൽട്രോണുമായി കരാറിലെത്തി. 

അതിന് ശേഷമാണ് കെൽട്രോൺ ആഗോള ടെണ്ടർ വഴി ഗാലക്സോണുമായി കരാരിലെത്തുന്നതും പദ്ധതി തുടങ്ങുന്നതും. പക്ഷെ കരാർ വ്യവസ്ഥകള്‍ ലംഘിച്ച് സ്വകാര്യ കമ്പനിക്ക് വേണ്ടി സ്ഥാപനങ്ങളെ കണ്ടെത്താൻ എസ്പിമാരോട് ഡിജിപി നിർദ്ദേശിച്ചതോടെയാണ് വിവാദങ്ങള്‍ ഉയരുന്നത്. പക്ഷെ മുഖ്യമന്ത്രി നിയമസഭയിൽ എല്ലാം കെൽട്രോൺ മാത്രമാണെന്ന് വിശദീകരിച്ചതും ഗ്യാലക്സോണിനറെ കാര്യം പറയാതിരുന്നതുമാണ് ദുരൂഹത കൂട്ടിയത്. എല്ലാം സുതാര്യമാണെന്നാണ് കെൽട്രോൺ വിശദീകരണമെങ്കിലും ഇടപാടിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം.