പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിലെ പ്രതിസ്ഥാനത്തുണ്ടായിരുന്ന കൊടിയത്തൂർ സ്വദേശിയായ വ്യവസായിയുമായി ബന്ധമില്ലെന്നാണ് ജോർജ് എം തോമസിന്റെ അവകാശവാദം.
കോഴിക്കോട്: പീഡനക്കേസിലെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ആൾക്ക് വേണ്ടി മുൻ സിപിഎം എംഎൽഎ ഇടപെട്ടതിന്റെ രേഖകൾ പുറത്ത്. പ്രതി ഉള്‍പ്പെട്ട സാമ്പത്തിക തർക്കത്തിൽ മധ്യസ്ഥനായാണ് തിരുവമ്പാടി എംഎൽഎ ജോർജ് എം തോമസ് ഇടപെട്ടത്. ഇതിന്റെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിലെ പ്രതിസ്ഥാനത്തുണ്ടായിരുന്ന കൊടിയത്തൂർ സ്വദേശിയായ വ്യവസായിയുമായി ബന്ധമില്ലെന്നാണ് ജോർജ് എം തോമസിന്റെ അവകാശവാദം. എന്നാൽ ഇയാളും സഹോദരനും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ മധ്യസ്ഥനായതിന്റെയും വിവിധ ഘട്ടത്തിൽ പണം വാങ്ങി നൽകിയിതിന്റെയുും രേഖയാണ് പുറത്ത് വന്നത്. 2017ൽ എംഎൽഎ ആയിരിക്കെയാണ് ജോര്‍ജ് എം തോമസ് ഈ തർക്കത്തിൽ മധ്യസ്ഥനായത്. മറ്റ് രണ്ട് സിപിഎം പ്രാദേശിക നേതാക്കൾ കൂടി ഇതിൽ മധ്യസ്ഥരായതായും രേഖയിലുണ്ട്. ഇതിന്റെ പ്രതിഫലമായി പാർട്ടി ഓഫീസ് പണിയാൻ കാൽക്കോടി രൂപ ലഭിച്ചതായും ഇക്കാര്യത്തിൽ വീഴ്ചയുണ്ടായെന്നും നേരത്തെ സിപിഎം അന്വേഷണകമ്മീഷൻ കണ്ടെത്തിയിരുന്നു. സിപിഎം പുറത്ത് വിടാതെ ഒളിപ്പിച്ച് വെച്ച രേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
Also Read: രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യ സന്ദർശനം
എംഎൽഎ എന്ന നിലയ്ക്ക് ഇത്തരം ഇടപാടുകളിൽ പങ്കാളിയായത് വിജിലൻസ് കേസുകൾക്കടക്കം കാരണമായേക്കാം. അതിനാൽ തന്നെ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ സിപിഎം പുറത്ത് വിട്ടിട്ടില്ല. എംഎൽഎ എന്ന നിലയ്ക്ക് പ്രതിസ്ഥാനത്തുണ്ടായിരുന്നയാളെ രക്ഷിക്കാൻ ജോർജ് ഇടപെട്ടു എന്ന ആരോപണമാണ് കമ്മീഷൻ അന്വേഷിച്ചതും ശരിവെച്ചതും. 2008 ലൂണ്ടായ പീഡനക്കേസിൽ സഹായിച്ച ശേഷം വീണ്ടും പ്രതിയുമായി പാർട്ടി നേതാവ് കൂടിയായ എംഎൽഎ ബന്ധം പുലർത്തിയിരുന്നു എന്ന പാർട്ടിയിലെ പ്രാദേശിക നേതാക്കളുടെ ആരോപണത്തിന് ബലം നൽകുന്നതാണ് ഇപ്പോൾ പുറത്ത് വന്ന രേഖ.
