കൊച്ചി: ജില്ലയിൽ കൂടുതൽ ഐസോലേഷൻ വാർഡുകൾ ഉറപ്പാക്കാൻ സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടുമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടം ചെയ്തു നല്‍കും. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അധികം ജീവനക്കാരെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു. 
 
ആഗോളതലത്തില്‍ കോവിഡ് വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ കൊച്ചി വിമാനത്താവളത്തിൽ കോവിഡ് പരിശോധിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂട്ടിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു. സ്പെയിൻ,ഫ്രാൻസ്,യു എസ് രാജ്യങ്ങളിൽ നിന്നെത്തുന്നവരടക്കം 15 രാജ്യങ്ങളിൽ നിന്ന് വരുന്നവരെ ഇനി തൊട്ട് വിമാനത്താവളത്തില്‍ പരിശോധിക്കും. 

മാസ്ക്കുകൾ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾക്ക് അമിത വില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ഇതേക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിച്ചതായും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. സ്കൂളുകൾക്ക് അവധി നേരത്തെ ആക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ലക്ഷണങ്ങൾ സംശയിക്കുന്നവർ പൊതുപരിപാടികളോ, ആഘോഷങ്ങളും സ്വമേധയാ ഒഴിവാക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.