താൻ നിർമ്മിച്ച വിഗ്രഹങ്ങൾ പുരാവസ്തുവെന്ന് പറഞ്ഞ് മോൻസ് വിൽക്കാൻ ശ്രമിച്ചു എന്നാരോപിച്ച് തിരുവനന്തപുരം മുട്ടത്തറ സ്വദേശി സ്വദേശി സുരേഷാണ് ഏറ്റവുമൊടുവിൽ പരാതിയുമായി രം​ഗത്തെത്തിയത്.  

തിരുവനന്തപുരം: മോൻസൺ മാവുങ്കലിനെതിരെ (Monson Mavunkal) പരാതിയുമായി കൂടുതൽ പേർ രം​ഗത്തെത്തുന്നു. താൻ നിർമ്മിച്ച വിഗ്രഹങ്ങൾ പുരാവസ്തുവെന്ന് (Antique) പറഞ്ഞ് മോൻസ് വിൽക്കാൻ ശ്രമിച്ചു എന്നാരോപിച്ച് തിരുവനന്തപുരം (Thiruvannathapuram) മുട്ടത്തറ സ്വദേശി സുരേഷാണ് ഏറ്റവുമൊടുവിൽ പരാതിയുമായി രം​ഗത്തെത്തിയത്. 

മോൻസന്റെ ശേഖരത്തിലെ വലിയ വിഗ്രഹങ്ങൾ നിർമ്മിച്ചത് താനാണെന്ന് സുരേഷ് പറയുന്നു. 75 ലക്ഷം രൂപ മോൻസൺ തട്ടിച്ചെന്നാണ് സുരേഷിന്റെ പരാതി. ക്രൈം ബ്രാഞ്ച് എഡിജിപിക്ക് സുരേഷ് പരാതി നൽകി. മോൻസൺ കാരണം താൻ സാമ്പത്തികമായി തകർന്നുവെന്ന് സുരേഷ് പറയുന്നു. നാളെ കൊച്ചിയിൽ സുരേഷിന്റെ മൊഴി രേഖപ്പെടുത്തും. 

പല ഘട്ടങ്ങളായി ലക്ഷങ്ങൾ മോൻസൺ തട്ടിയെന്ന് ചങ്ങാനാശേരി സ്വദേശിയും പരാതി നൽകിയിട്ടുണ്ട്. 

അതേസമയം, മോശയുടെ അംശവടി എന്നവകാശപ്പെട്ട വടി പുരാവസ്തുവല്ലെന്ന് മോൻസന് പുരാവസ്തുക്കൾ നൽകിയ സന്തോഷ് വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് നൂസ് അവർ ചർച്ചയിലാണ് സന്തോഷിന്റെ വെളിപ്പെടുത്തൽ. വെറും നാൽപ്പത് മുതൽ അമ്പത് വർഷം മാത്രം പഴക്കമുള്ള വാക്കിംഗ് സ്റ്റിക്കാണ് താൻ മോൻസന്വിറ്റതെന്നും ഇതാണ് പിന്നീട് മോശയുടെ അംശവടിയാണെന്ന് മോൻസൻ പ്രചരിപ്പിച്ചതെന്നും സന്തോഷ് ന്യൂസ് അവറിൽ പറഞ്ഞു. കാലപ്പഴക്കം പറഞ്ഞുതന്നെയാണ് ഓരോ വസ്തുക്കളും മോൻസന് നൽകിയതെന്നും ഊന്നുവടി എന്ന് പറഞ്ഞുതന്നെയാണ് ആ വടി കൊടുത്തതെന്നും സന്തോഷ് വ്യക്തമാക്കി. പുരവസ്തുക്കൾ കളക്ട് ചെയ്ത് ആന്റിക് ബിസിനസ് നടത്തുകയും സിനിമയുടെ കലാസംവിധാനത്തിന് വസ്തുക്കൾ നൽകുകയും ചെയ്യുന്നയാളാണ് താനെന്നും സന്തോഷ് കൂട്ടിച്ചേർത്തു.