തിരുവനന്തപുരം: രാജ്യത്തേറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ ജില്ലയായ കാസർകോട്ട് സമൂഹവ്യാപന സാധ്യത തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നു മാത്രം 34 പേർക്ക് ജില്ലയിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും സമൂഹവ്യാപനം എന്ന അപകടകരമായ സ്ഥിതിയിലേക്ക് കാസർകോട് കാര്യങ്ങൾ എത്തിയിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം അവിടെ കൂടുതൽ കർശന നടപടികളും നിയന്ത്രണങ്ങളും വേണ്ടി വരുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

നിലവിലെ 81 പേർക്കാണ് കാസർകോട് ജില്ലയിൽ കൊവിഡ് രോഗബാധയുള്ളത്. കൊവിഡ് പൊസിറ്റീവായിരുന്ന ഒരാൾ രോഗം ഭേദമായി ഇതിനിടെ ആശുപത്രി വിട്ടു. നിലവിൽ ചികിത്സയിലുള്ള 81 രോഗികളിൽ 67 പേരും വിദേശത്തു നിന്നും രോഗബാധയോടെ കേരളത്തിലേക്ക് എത്തിയതാണ് എന്നാണ് ആരോഗ്യവകുപ്പിൻ്റെ കണ്ടെത്തൽ. 14 പേർക്ക് രോഗികളുമായി അടുത്ത് ഇടപഴകിയത് വഴിയാണ് രോഗം ബാധിച്ചത്. 

ഇന്ന് രോഗബാധ സ്ഥിരീകരിച്ച 34 പേരിൽ 27 പേരും വിദേശത്തു നിന്നും വന്നവരാണ്. ഇവരിൽ 25 പേരും  ദുബായിൽ നിന്നും എത്തിയതാണ്. അവശേഷിച്ച ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ലഭിച്ചത് എന്നാണ് അനുമാനം. ഇതുവരെയുള്ളതിൽ വളരെ കുറച്ചു കേസുകൾ മാത്രമേ സമ്പർക്കത്തിലൂടെ രോഗം വന്നതായിട്ടുള്ളൂ. 

ഇത്രയേറെ പേർക്ക് സമ്പർക്കത്തിലൂടെ രോഗം ലഭിച്ചെന്ന് സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരിലേറെയും നേരത്തെ വിവാദമുണ്ടാക്കിയ കാസർകോട്ടെ കൊവിഡ് രോഗിയുടെ കോണ്ടാക്ട് ലിസ്റ്റിലുണ്ടായിരുന്നവരാണ് എന്ന് സൂചനയുണ്ട്.

അതേസമയം കാസർകോട് ജില്ലയിൽ രോഗലക്ഷണങ്ങളോട് കഴിയുന്നതും നിരീക്ഷണത്തിലുള്ളതുമായ നിരവധിയാളുകളുണ്ട്. 6085  പേരെയാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് നേരിട്ട് നിരീക്ഷണത്തിലാക്കിയത്.  ഇതിലുള്ള 103 പേർ ആശുപത്രികളിൽ നേരിട്ടുള്ള നിരീക്ഷണത്തിൽ കഴിയുന്നു. ഇതിൽപ്പെട്ട 81 പേർക്കാണ് ഇപ്പോൾ വൈറസ് ബാധ സ്ഥിരീകരിച്ചത്.