സുബീഷിന്റെ സ്കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിൻ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ. സംഭവത്തിന് ശേഷം സുബീഷ് വിദേശത്തേക്ക് കടന്നുകളഞ്ഞിരുന്നു.
തിരുവനന്തപുരം : തിരുവനന്തപുരത്തെ എകെജി സെന്റർ ആക്രമണ കേസിൽ ഒരാളെ കൂടി പ്രതി ചേർത്തു. നേരത്തെ പ്രതി ചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്റെ ഡ്രൈവർ സുബീഷിനെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. സുബീഷിന്റെ സ്കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിൻ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ. സംഭവത്തിന് ശേഷം സുബീഷ് വിദേശത്തേക്ക് കടന്നുകളഞ്ഞിരുന്നു. കേസിൽ ഇതുവരെ മുഖ്യപ്രതി ജിതിനൊപ്പം രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം മൂന്നുപേരെയാണ് പ്രതിചേർത്തത്. ഒളിവിലുള്ള പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും
ഗൂഢാലോചനയിൽ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനും, ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തക നവ്യ ടി എന്നിവർക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജിതിൻ സ്ഫോടക വസ്തു എറിയാനുപയോഗിച്ച ഡിയോ സ്കൂട്ടർ പൊലീസ് കണ്ടെത്തിയതോടെയാണ് സുഹൈലിന്റെ പങ്ക് വ്യക്തമായത്. സുഹൈലിന്റെ ഡ്രൈവര്‍ സുബീഷിന്‍റെ ഉടസ്ഥതയിലുള്ള സ്കൂട്ടറാണ് ജിതിൻ ഉപയോഗിച്ചത്. സംഭവ ദിവസം രാത്രിയിൽ ഗൗരീശപട്ടത്ത് ഈ സ്കൂട്ടർ എത്തിച്ചത് നവ്യയാണ്. ഗൗരീശപട്ടത്തുനിന്നും സ്കൂട്ടറോടിച്ച് സ്ഫോടക വസ്തു എറിഞ്ഞ ശേഷം തിരികെയെത്തിയ ജിതിൻ സ്കൂട്ടർ നവ്യക്ക് കൈമാറിയെന്നാണ് പൊലീസ് പറയുന്നത്. നവ്യ ഈ സ്കൂട്ടര്‍ ഓടിച്ച് കഴക്കൂട്ടത്തേക്ക് പോകുന്നതിൻെറ ദൃശ്യങ്ങളിൽ നിന്നാണ് ജിതിനിലേക്ക് അന്വേഷണമെത്തിയത്.
കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആറ്റിപ്ര വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു നവ്യ. കേസിൽ നവ്യയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ജിതിനുമായി അടുപ്പമുണ്ടെന്ന് സമ്മതിച്ച നവ്യ സ്കൂട്ടർ കൈമാറിയതും പൊലീസിനോട് പറഞ്ഞു. എന്നാൽ സ്ഫോടനത്തെ കുറിച്ച് അറിയില്ലെന്നാണ് പൊലീസിന് മൊഴി നൽകിയത്. നവ്യയെ പ്രതിയാക്കണമോ സാക്ഷിയാക്കണമോയെന്ന ചർച്ചകള്‍ക്കിടെയാണ് ഇവർ ഒളിവിൽ പോകുന്നത്. ജിതിന്റെ അറസ്റ്റിന് ശേഷം ചോദ്യം ചെയ്യാൻ വിളിച്ചതിന് പിന്നാലെയാണ് ഒളിവിൽ പോയത്. സുഹൈൽ ഷാജഹാനും ഡ്രൈവര്‍ സുബീഷും ഒളിവിലാണ്. സുഹൈൽ ഷാജഹാനും വിദേശത്തേക്ക് പോയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. സുബീഷ് ഗൾഫിലേക്കാണ് കടന്നത്. ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ച ജിതിൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 17 നാണ് ജാമ്യഹർജി പരിഗണിക്കുന്നത്.
