വയനാട്: കൊവിഡ് ജാഗ്രത തുടരുന്ന വയനാട്ടില്‍ നിരീക്ഷണത്തിലേക്ക് മാറിയ പൊലീസുകാരുടെ എണ്ണം 130 ആയി. കൂടുതല്‍ പൊലീസുകാരുടെ സാമ്പിള്‍ പരിശോധിക്കും. മാനന്തവാടി സ്റ്റേഷനിലെ പൊലീസുകാരുടെ സാമ്പിള്‍ റിപ്പീറ്റ് ടെസ്റ്റ് ചെയ്യും. മാനന്തവാടി സ്റ്റേഷൻ ചാർജ് വെള്ളമുണ്ട എസ്എച്ച്ഒയ്ക്കും ബത്തേരി സ്റ്റേഷന്‍ ചാര്‍ജ് നൂല്‍പുഴ എസ്എച്ച്ഒയ്ക്കും നല്‍കി. 

രോഗബാധിതർ സമ്പർക്ക വിവരങ്ങൾ മറച്ച് വയ്ക്കുന്ന സഹചര്യത്തിൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കും. ജില്ലയില്‍വച്ച് ജോലിക്കിടെ രോഗബാധയുണ്ടായ മൂന്ന് പോലീസുകാരില്‍ രണ്ടുപേരുടെ റൂട്ട്‍മാപ്പ് പുറത്തിറങ്ങി. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ 73 ഇടങ്ങളിലും രണ്ടാമത്തെയാൾ 52 ഇടങ്ങളിലും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി റൂട്ട്‍മാപ്പിലുണ്ട്. ഭൂരിഭാഗവും സേനാംഗങ്ങളുമായിട്ടാണ്.

വയനാട്ടിലെ രോഗബാധിതർക്ക് നിരവധിപേരുമായി സമ്പര്‍ക്കം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം പനവല്ലിയില്‍ രോഗം സ്ഥിരീകരിച്ചയാൾ  സമ്പര്‍ക്കത്തിലായത് അറുപത് പേരുമായാണ്. ഇതില്‍ ഭൂരിഭാഗവും ആദിവാസികളാണ്. ഇതോടെ വെള്ളമുണ്ട പഞ്ചായത്തുകൂടി പൂർണമായും അടച്ച് മാനന്തവാടിയില്‍ നിയന്ത്രണങ്ങൾ കർശനമാക്കി. രോഗപകർച്ച തുടരുന്ന മാനന്തവാടി താലൂക്കില്‍ നിലവില്‍ രോഗബാധിതരായത് 14 പേരാണ്. 

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലെ രോഗബാധിതന്‍റെ കടയില്‍ അറുപതോളം പേർ വന്നുപോയെന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക നിഗമനം. ഇതോടെ മേഖലയില്‍ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് ജനങ്ങൾക്കു നല്‍കിയ നിർദേശം.

കഴിഞ്ഞ ദിവസം ഒരാൾക്ക് കൂടി ബത്തേരി താലൂക്കില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബത്തേരിയിലും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഇവിടെയും കൂടുതല്‍ പഞ്ചായത്തുകൾ അടച്ചിടണോയെന്ന് ഇന്ന് തീരുമാനമെടുക്കുമെന്ന് കളക്ടർ അറിയിച്ചു. നിലവില്‍ ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത് 2030 പേരാണ്. 20 പേർ ആശുപത്രിയില്‍ ചകിത്സിയലുണ്ട്.