Asianet News MalayalamAsianet News Malayalam

കോന്നി മെഡിക്കല്‍ കോളേജ്: 286 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനം

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒ.പി. വിഭാഗത്തിന്‍റെ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ാം തീയതി മുഖ്യമന്ത്രി നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജിലെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തിടെ 241.01 കോടി രൂപ അനുവദിച്ചിരുന്നു. കിഫ്ബി ധനസഹായത്തോടെ വിപുലമായ അടിസ്ഥാന സൗകര്യ വികസനമാണ് കോന്നി മെഡിക്കല്‍ കോളേജില്‍ ലക്ഷ്യമിടുന്നത്.

more positions in konni medical college
Author
Pathanamthitta, First Published Nov 4, 2020, 6:13 PM IST

തിരുവനന്തപുരം: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ 286 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. 26 അധ്യാപക തസ്തികകളും 260 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. മെഡിക്കല്‍ കോളേജിലെ അക്കാദമിക്, ഹോസ്പിറ്റല്‍ ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് കോഴ്‌സിന്‍റെ ആദ്യ ബാച്ച് തുടങ്ങുന്നതിലേക്കും ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഇത്രയും തസ്തികകള്‍ സൃഷ്ടിച്ചത്. ഇതോടെ കിടത്തി ചികിത്സ ആരംഭിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

2 പ്രൊഫസര്‍, 2 അസോസിയേറ്റ് പ്രൊഫസര്‍, 7 അസി. പ്രൊഫസര്‍, 6 സീനിയര്‍ റെസിഡന്‍റ്, 9 ജൂനിയര്‍ റെസിഡന്‍റ് എന്നിങ്ങനേയാണ് അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചത്. 1 അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റ്, 1 സീനിയര്‍ സൂപ്രണ്ട്, 2 ക്ലാര്‍ക്ക്, 1 നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ് ഒന്ന്, 1 നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 4 ഹെഡ് നഴ്‌സ്, 75 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട്, 6 ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, 10 നഴ്‌സിംഗ് അസിസ്റ്റന്‍റ്, 10 നഴ്‌സിംഗ് അസിസ്റ്റന്‍റ് ഗ്രേഡ് ഒന്ന്, 9 ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്, 35 ഹോസ്പിറ്റല്‍ അറ്റന്‍ഡന്‍സ് ഗ്രേഡ് രണ്ട്, 25 പാര്‍ട്ട് ടൈം സ്വീപ്പര്‍, 30 സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ് രണ്ട് എന്നിങ്ങനെ 41 വിവിധ വിഭാഗങ്ങളിലായാണ് അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ചത്.

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒ.പി. വിഭാഗത്തിന്‍റെ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ാം തീയതി മുഖ്യമന്ത്രി നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജിലെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തിടെ 241.01 കോടി രൂപ അനുവദിച്ചിരുന്നു. കിഫ്ബി ധനസഹായത്തോടെ വിപുലമായ അടിസ്ഥാന സൗകര്യ വികസനമാണ് കോന്നി മെഡിക്കല്‍ കോളേജില്‍ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും രണ്ടാം ഘട്ടത്തിനാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും കൂടിയാണ് തുകയനുവദിച്ചത്. 

മൊത്തത്തില്‍ 5,72,000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ സാധ്യമാകുന്നത്. 200 കിടക്കകളാണ് ഇതിലൂടെ അധികമായി ലഭിക്കുന്നത്. ഇതോടെ ആകെ 500 കിടക്കകളുള്ള സൗകര്യം മെഡിക്കല്‍ കോളേജില്‍ ലഭ്യമാകും. ഇത് പൂര്‍ത്തിയാകുന്നതോടെ 100 എബിബിഎസ് സീറ്റുകള്‍ ലഭ്യമാക്കാന്‍ സാധിക്കും. ആദ്യഘട്ടത്തില്‍ 5,29,392 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള ആശുപത്രി ബ്ലോക്കിന്‍റേയും അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്‍റേയും നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി 130 കോടി രൂപയാണ് അനുവദിച്ചിരുന്നത്. മറ്റ് മെഡിക്കല്‍ കോളേജുകളെപ്പോലെ കോന്നി മെഡിക്കല്‍ കോളേജിലും വിപുലമായ സൗകര്യങ്ങളൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Follow Us:
Download App:
  • android
  • ios