തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുൻവശം ഇന്നും സംഘർഷഭൂമി. പിഎസ്‍സിക്കെതിരെ യുവമോർച്ചാ പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ ഇന്നും സംഘർഷമുണ്ടായപ്പോൾ പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിച്ചു. യൂണിവേഴ്‍സിറ്റി കോളേജിലെ കുത്ത് കേസ് പ്രതികൾ പിഎസ്‍സി റാങ്ക് പട്ടികയിൽ വന്നതിനെതിരെയായിരുന്നു യുവമോർച്ചയുടെ മാർച്ച്.

അഞ്ച് യുവമോർച്ചാ പ്രവർത്തകർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. ഇന്നലത്തേത് പോലെ വ്യാപകമായ ലാത്തിച്ചാർജ് ഇന്നുണ്ടായില്ല. സമരത്തെ അടിച്ചൊതുക്കുന്നു എന്ന പ്രതീതിയുണ്ടാകാതിരിക്കാൻ പരമാവധി സംയമനം പാലിക്കണമെന്ന് പൊലീസിന് നിർദേശമുണ്ടായിരുന്നു. വീണ് കിടക്കുന്നവർക്കാണ് ലാത്തിയടിയേറ്റത്. ചിലർക്ക് ജലപീരങ്കിയിൽ അടി തെറ്റി വീണും പരിക്കേറ്റു. 

ചിത്രങ്ങൾ:

ഇന്നലെ കെഎസ്‍യുവിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും പ്രതിഷേധത്തെത്തുടർന്ന് സെക്രട്ടേറിയറ്റും പരിസരവും യുദ്ധക്കളമായിരുന്നു. സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസും സമരക്കാരും തമ്മിൽ കനത്ത സംഘ‍ർഷമാണുണ്ടായത്. സമരക്കാർക്ക് നേരെ പൊലീസ് ടിയർഗ്യാസും, ലാത്തിച്ചാർജും, ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ സമരക്കാർ കല്ലും കുപ്പികളും എറിഞ്ഞു. സെക്രട്ടേറിയറ്റ് പരിസരം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി.

നിരവധി കെഎസ്‍യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു. നിരവധി പ്രവർത്തകർ ചോരയൊലിപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങൾ കാണാമായിരുന്നു. ഫോർട്ട് അസിസ്റ്റന്‍റ ് കമ്മീഷണർ അടക്കം മൂന്ന് പൊലീസുദ്യോഗസ്ഥർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. കല്ലേറിലാണ് രണ്ട് പൊലീസുകാർക്ക് പരിക്കേറ്റത്. മാതൃഭൂമി ഓൺലൈൻ ക്യാമറാമാൻ അരുൺ അടക്കമുള്ള മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു.