കൊച്ചി: നഗരപരിധിയിൽ ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ കർശന നിയന്ത്രണങ്ങൾക്ക് നീക്കം തുടങ്ങി. ഈ സ്ഥിതി തുടർന്നാൽ നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ഉറവിടം അറിയാത്ത ആറ് പേർക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയിൽ 13 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ആറ് പേർക്ക് എങ്ങനെ രോഗം വന്നുവെന്ന് വ്യക്തമല്ല. പറവൂരിലെ സെമിനാരി വിദ്യാർത്ഥി , വെണ്ണല സ്വദേശിയായ ആക്രിക്കച്ചവടക്കാരൻ , പാലാരിവട്ടത്തുള്ള എൽഐസി ജീവനക്കാരൻ, തൃക്കാക്കര സ്വദേശിയായ വീട്ടമ്മ, കടവന്ത്ര സ്വദേശി നേവി ഉദ്യോഗസ്ഥ , ആലുവ സ്വദേശിയായ ഓട്ടോ ഡ്രൈവർ എന്നിവരുടെ രോഗ ഉറവിടമാണ് കണ്ടെത്താനാകാത്തത്. ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ തന്നെ നിരവധിയാളുകളുണ്ട്. ഇവരിൽ പലരും നഗരത്തിലെ ആശുപത്രികൾ സന്ദർശിച്ചിരുന്നു. രോഗികളുടെ എണ്ണം കൂടിയാൽ ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. നഗരത്തിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് പൊലീസ്.

ചമ്പക്കര മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ മാസ്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും കൂട്ടം കൂടിയ 20 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരു കട അടപ്പിക്കുകയും മാർക്കറ്റിൽ ചില്ലറ വിൽപ്പന നിരോധിക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളം മാർക്കറ്റിൽ നിന്നെടുത്ത സാമ്പിളുകളിൽ 61 പേരുടെ ഫലം നെഗറ്റീവാണ്. 191 പേരാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.