Asianet News MalayalamAsianet News Malayalam

കോട്ടയവും ഇടുക്കിയും ഇനി റെഡ് സോൺ, നിയന്ത്രണങ്ങൾ എങ്ങനെ, അറിയേണ്ടതെല്ലാം

അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ പൊതുജനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാന്‍ പാടില്ലെന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തിന്‍റെ അറിയിപ്പ്. 

more restrictions in kottayam and idukki
Author
Kottayam, First Published Apr 27, 2020, 7:36 PM IST

തിരുവനന്തപുരം: കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ രണ്ട് ജില്ലകള്‍ കൂടി റെഡ് സോണില്‍. കോട്ടയം, ഇടുക്കി ജില്ലകളെയാണ് പുതിയതായി റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആറ് ജില്ലകള്‍ റെഡ് സോണിലായി. റെഡ് സോണിലായ ഇടുക്കിയിലും കോട്ടയത്തും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ പൊതുജനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാന്‍ പാടില്ലെന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തിന്‍റെ അറിയിപ്പ്. 

കൂടാതെ അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ വാഹനങ്ങള്‍ പുറത്തിറക്കാന്‍ പാടില്ല. ആവശ്യ ഭക്ഷ്യ വസ്തുക്കളുടെ കടകൾ 11 മുതൽ 5 വരെ മാത്രം തുറക്കാം. എന്നാല്‍ ഹോട്ടൽ, ബേക്കറി, തട്ടുകട തുടങ്ങിയവ തുറക്കാൻ പാടില്ല. മെഡിക്കൽ ആവശ്യങ്ങൾക്ക് ഒഴികെ  ജില്ലക്ക് പുറത്തേക്കുള്ള യാത്രകൾക്ക് വിലക്കുണ്ട്. നിർമ്മാണ പ്രവർത്തങ്ങളും, തോട്ടം മേഖലയിലെ ജോലികളും നിർത്തി വയ്ക്കണമെന്നും ഇടുക്കി ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. 

റെഡ് സോണിലായ ഇടുക്കിയിലേക്കും കോട്ടയത്തേക്കും രണ്ട് ഐപിഎസ് ഓഫീസര്‍മാരെ സ്പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‍നാഥ് ബെഹ്റ അറിയിച്ചു. കോട്ടയത്ത്  കെഎപി അഞ്ചാം ബറ്റാലിയന്‍ കമാണ്ടന്‍റ് ആര്‍. വിശ്വനാഥിനെയും ഇടുക്കിയില്‍ കെഎപി ഒന്നാം ബറ്റാലിയന്‍ കമാണ്ടന്‍റ് വൈഭവ് സക്സേനയേയുമാണ് സ്പെഷ്യല്‍ ഓഫീസര്‍മാരായി  നിയോഗിച്ചത്.

കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ച കോട്ടയത്ത് സാമ്പിള്‍ പരിശോധന ഊര്‍ജ്ജിതമാക്കും. ആരോഗ്യ വകുപ്പ് നിര്‍ണയിച്ചിട്ടുള്ള പ്രോട്ടോക്കോള്‍ പ്രകാരം പ്രതിദിനം ഇരുന്നൂറ് സാമ്പിളുകള്‍ വരെ ശേഖരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി.  രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുറമെ ഗര്‍ഭിണികള്‍, വയോജനങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെയും പരിശോധനയ്ക്ക് വിധേയരാക്കും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കോട്ടയം, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളിലും സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്.

കോട്ടയത്ത്  കണ്ടെയ്‍ന്‍മെന്‍റ് സോണുകളില്‍(ഹോട്ട്  സ്പോട്ടുകളില്‍ പൊലീസ് മാര്‍ക്ക് ചെയ്തിട്ടുള്ള മേഖല) അനുവദിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍

  • കണ്ടെയ്‍ന്‍മെന്‍റ് സോണുകളില്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാന്‍ പാടില്ല.     
  • കണ്ടെയ്‍ന്‍മെന്‍റ് സോണുകളില്‍ പ്രവേശനത്തിനും പുറത്തേക്ക് പോകുന്നതിനും രണ്ടു പോയിന്‍റുകള്‍ മാത്രമേ അനുവദിക്കൂ. ഈ പോയിന്‍റുകള്‍ റവന്യൂ/ പൊലീസ് പാസ് മുഖേന നിയന്ത്രിച്ചിരിക്കുന്നു. 
  • കണ്ടെയ്‍ന്‍മെന്‍റ് സോണുകളില്‍ അവശ്യ ഭക്ഷ്യ വസ്തുക്കള്‍ മരുന്നുകള്‍ എന്നിവ ആവശ്യമുള്ളവര്‍ക്ക് സന്നദ്ധ സേവകര്‍ മുഖേന വീടുകളില്‍ നേരിട്ട് എത്തിച്ചു നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കും. 
  • പാചക വാതക വിതരണം ആഴ്ചയില്‍ ഒരു ദിവസം ഉണ്ടായിരിക്കും.
  • ഈ മേഖലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം അടിയന്തിര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കു മാത്രമായി പ്രവര്‍ത്തിക്കും.
  • റേഷന്‍ കടകള്‍ ഒഴികെയുള്ള കടകളോ സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കാന്‍ പാടില്ല. 
  • കുടിവെള്ള, വൈദ്യുത തകരാറുകള്‍ അതത് വകുപ്പുകള്‍ അടിയന്തിരമായി പരിഹരിക്കണം

 

ഹോട്ട്സ്പോട്ടുകളും കണ്ടെയ്ന്‍മെന്‍റ് സോണുകളും ഒഴികെയുള്ള സ്ഥലങ്ങളില്‍ അനുവദിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍

    പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങള്‍

  • ആരോഗ്യസേവനവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സേവനങ്ങളും
  • ബാങ്കുകള്‍ / എടിഎം
  • അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ 
  • അക്ഷയ കേന്ദ്രങ്ങള്‍
  • ടെലികോം, തപാല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ 
  • അവശ്യവസ്തുക്കളുടെ വിതരണ ശൃംഖലയും ഗതാഗതവും 
  • ഹോട്ടലുകള്‍ - പാഴ്സല്‍ സര്‍വീസ് മാത്രം
  • ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ 
  • ടേക്ക്എവേ / ഹോം ഡെലിവറി വിതരണം 
  • ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, ഡിപ്പാര്‍ട്ട്മെന്‍റല്‍ സ്റ്റോറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും( രാവിലെ 11:00 മണി മുതല്‍ വൈകിട്ട് 5:00 മണി വരെ)  
  • പെട്രോള്‍ പമ്പുകള്‍, എല്‍പിജി ഗ്യാസ്, ഓയില്‍ ഏജന്‍സികള്‍, അവയുടെ ഗോഡാണുകള്‍, അനുബന്ധ ഗതാഗത പ്രവര്‍ത്തനങ്ങള്‍
  • ചരക്ക് നീക്കത്തിനായി മാത്രം ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ 
  • സ്വകാര്യ മേഖലയിലേയതുള്‍പ്പെടെയുള്ള സുരക്ഷാ സേവനങ്ങള്‍
  • കുടിവെള്ള ഉത്പാദനം, വിതരണം 
  • മാസ്കുകള്‍, സാനിറ്റൈസറുകള്‍, മരുന്നുകള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പിപിഇ) എന്നിവയുള്‍പ്പെടെ കോവിഡ്-19 മായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ ഉല്‍പാദനത്തിലും വിതരണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍.


പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ള മറ്റ് സേവനങ്ങള്‍ / സ്ഥാപനങ്ങള്‍ 
(അത്യാവശ്യം വേണ്ട ജീവനക്കാരെ നിയോഗിച്ച് മാത്രം പ്രവര്‍ത്തിക്കാവുന്നതാണ്)

 

  • ആരോഗ്യം, പൊലീസ്, റവന്യു, തദ്ദേശ സ്വയംഭരണം, ഫയര്‍ & റെസ്ക്യൂ, സിവില്‍ സപ്ലൈസ്, ദുരന്തനിവാരണം എന്നീ വകുപ്പുകളുടെ ഓഫീസുകള്‍
  • ഹോം ഗാര്‍ഡ്, വനം, ജയിലുകള്‍ , ട്രഷറി, വൈദ്യുതി , കുടിവെള്ളം , ശുചീകരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള അവശ്യ സര്‍വ്വീസ് കുടിവെള്ള വിതരണം. 
  •  
  • കൊയ്ത്ത്, കാര്‍ഷിക വിളവെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍
  • മൃഗാശുപത്രി ജീവനക്കാര്‍- സഹകരണ വകുപ്പിലെ പൊതുവിതരണവുമായി ബന്ധപ്പെട്ട ജീവനക്കാര്‍, ജലഗതാഗത വകുപ്പിലെ ആംബുലന്‍സ് സര്‍വ്വീസുകള്‍
  • ഭക്ഷ്യ ഉപഭോക്തൃകാര്യ വകുപ്പിലെ  വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍.  
  • പട്ടികജാതി - പട്ടികവര്‍ഗ്ഗ വകുപ്പുകളിലെ ക്ഷേമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍
  • സാമൂഹിക നീതി വകുപ്പിന്‍റെ വയോജന കേന്ദ്രങ്ങള്‍, സമാന സ്ഥാപനങ്ങള്‍ ഭിന്നശേഷിക്കാരുടെ ക്ഷേമം, ട്രാന്‍സ്‍ജെന്‍ഡറുകള്‍ക്കുള്ള സ്റ്റേ ഹോമുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍
  • അച്ചടി വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ പ്രസുകളില്‍ ഏറ്റവും അവശ്യം വേണ്ട ജീവനക്കാര്‍
  • തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ കൊവിഡ് 19 മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍
  • അവശ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ വാങ്ങുന്നതിനും മെഡിക്കല്‍ അത്യാഹിതങ്ങളുമായി ബന്ധപ്പെട്ടും മാത്രമേ ടാക്സി, ഓട്ടോ എന്നിവയുടെ ഉപയോഗം അനുവദിക്കു
  • അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങാവൂ
  • ഇരുചക്ര വാഹനങ്ങളില്‍ ഒരാളും നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ ഒരാളും  മാത്രമേ യാത്ര ചെയ്യാവൂ.
  • പൊതുനിരത്തുകളില്‍ യാത്ര ചെയ്യുന്നവരും സ്ഥാപനങ്ങളിലെ ജീവനക്കാരുള്‍പ്പെടെയുള്ളവരും മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.
  • സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം
  • കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബ്രേക്ക് ദ ചെയിന് പരിപാടിയുടെ നടപടിക്രമങ്ങള്‍ ജോലി സ്ഥലങ്ങളിലും പൊതുഇടങ്ങളിലും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഓഫീസ്/സ്ഥാപന മേധാവികള്‍ ഉറപ്പാക്കേണ്ടതാണ്
Follow Us:
Download App:
  • android
  • ios