തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 1167 പേരില്‍ 888 കേസുകള്‍ സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 55 പേരുടെ ഉറവിടം വ്യക്തമല്ല. 679 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. രോഗബാധിതരില്‍ 122 പേര്‍ വിദേശത്ത് നിന്നും 96 പേര്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 33 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിന് മുകളിലാണ്. പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂർ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂർ 43, കാസർകോട് 38, ഇടുക്കി 7. നെഗറ്റീവായവരുടെ കണക്ക്: തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂർ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂർ 15, കാസർകോട് 36.

തിരുവനന്തപുരത്തിന്‍റെ കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. കൊവിഡ് വലിയ രീതിയിൽ തലസ്ഥാനത്ത് പടർന്നിട്ടുണ്ട്. ഇന്ന് മേനംകുളം കിൻഫ്രാ പാർക്കിൽ 300 പേ‍രെ പരിശോധിച്ചതിൽ 88 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തിന്‍റെ പൊതു സ്ഥിതി എടുത്താൽ 12 പേരെ ടെസ്റ്റ് ചെയ്യുമ്പോഴാണ് ഒരാൾ പോസിറ്റീവാകുന്നത്. കേരളത്തിൽ ഇത് 36-ൽ ഒന്ന് എന്ന നിലയ്ക്കാണ്. എന്നാൽ തിരുവനന്തപുരത്ത് ഇത് 18-ൽ ഒന്ന് എന്ന നിലയ്ക്കാണ്. 

രോഗബാധിതരെ മൊത്തം കണ്ടെത്താനുള്ള സർവൈലൻസാണ് നടത്തുന്നത്. ക്ലസ്റ്റർ രൂപപ്പെട്ടത് ആദ്യം ശ്രദ്ധയിൽപെട്ടത് ഈ മാസം ആദ്യം, അഞ്ചാം തീയതി പൂന്തുറയിലാണ്.  ബീമാപ്പള്ളി - പുല്ലുവിള മേഖലകളിൽ 15-ാം തീയതിയോടെ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. ഡബ്ല്യുഎച്ച്ഒ മാർഗരേഖയുടെ മാതൃകയിലാണ് രോഗനിയന്ത്രണപ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നത്. 

വലിയതുറ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കുളത്തൂർ, പരവൂർ, കടയ്ക്കാവൂ‍ർ, കുന്നത്തുകാൽ, പെരുമാതുറ, പുതുക്കുറിച്ചി എന്നീ തീരമേഖലകളിൽ തുടർന്ന് ക്ലസ്റ്ററുകൾ വന്നു. പൂന്തുറയിലും പുല്ലുവിളയിലും പ്രവർത്തനപദ്ധതിയിൽ മാറ്റങ്ങൾ വരുത്തി രോഗനിയന്ത്രണപദ്ധതികൾ നടപ്പാക്കി.

തീരദേശത്തിന് പുറമേ പാറശ്ശാല, കുന്നത്തുകാൽ, പട്ടം, ബാലരാമപുരം, കാട്ടാക്കട എന്നിവിടങ്ങളിലും രോഗബാധയുണ്ട്. ഈ പ്രദേശങ്ങളിലും അതാത് പ്രദേശത്തിനനുസരിച്ചുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. ഇത് വരെ 39,809 റുട്ടീൻ ആർടിപിസിആർ ടെസ്റ്റുകളാണ് തിരുവനന്തപുരത്ത് ചെയ്തത്. ഇതിന് പുറമേ സമൂഹവ്യാപനമറിയാൻ 6982 സെന്‍റിനൽ സാമ്പിൾ ടെസ്റ്റുകളും ചെയ്തു. ഇന്നലെ 789 റുട്ടീൻ ആർടിപിസിആർ ടെസ്റ്റുകളും നൂറോളം പൂൾഡ് സെന്‍റിനൽ ടെസ്റ്റുകളുമാണ് ചെയ്തത്. റാപ്പിഡ് ആന്‍റിജൻ ടെസ്റ്റ് ഈ മാസം നാല് മുതലാണ് ജില്ലയിൽ തുടങ്ങിയത്.

ലാർജ് ക്ലസ്റ്ററിലേക്ക് നീങ്ങുന്ന ബത്തേരിയിലും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗവ്യാപനത്തിന് കാരണമായ മൊത്ത വ്യാപാരസ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കി. അയൽസംസ്ഥാനത്ത് നിന്ന് തുടർച്ചയായി ലോറികൾ വരുന്ന സ്ഥാപനമാണിത്.

കണ്ണൂരിൽ കൊവിഡ് പ്രതിരോധനടപടികൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സന്നദ്ധസംഘടനകൾ, ക്ലബ്ബുകൾ, വായനശാലകൾ, റസിഡൻസ് അസോസിയേഷനുകൾ, മറ്റ് കൂട്ടായ്മകൾ എന്നിവയുടെ പ്രവർത്തനത്തിന് മാർഗനിർദേശം പുറപ്പെടുവിച്ചു. ആശുപത്രികളിൽ കൊവിഡിതര ചികിത്സയ്ക്ക് എത്തുന്നവരിൽ നിന്ന് രോഗം പകരുന്ന സാഹചര്യമുണ്ട്. കൊവിഡ് ഇതര ചികിത്സ നടത്തുന്ന എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളെല്ലാം ജാഗ്രത പാലിക്കണം. 

പരിയാരം മെഡി. കോളേജിൽ കഴിഞ്ഞ ദിവസങ്ങളിലായി 47 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധയുണ്ടായി. അവിടെ ആവശ്യമായ സുരക്ഷാനടപടികൾ കൈക്കൊണ്ടു. ലാബ് ടെക്നീഷ്യന് കൊവിഡ് കണ്ടെത്തിയതിനെത്തുടർന്ന് രാമന്തളി പിഎച്ച്സി അടച്ചു. പ‍ഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അടക്കമുള്ളവർ നിരീക്ഷണത്തിലായി. ഇവർ പിഎച്ച്സിയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ‍മെന്‍റ് സെന്‍ററുമായി ബന്ധപ്പെട്ട് യോഗത്തിൽ പങ്കെടുത്തിരുന്നു. ശ്രീകണ്ഠാപുരം നഗരസഭയിലെ ഒരു ജീവനക്കാരൻ പോസിറ്റീവായതിനെത്തുടർന്ന് നഗരസഭാ ഓഫീസ് അടച്ചു. എല്ലാ ജീവനക്കാരും നിരീക്ഷണത്തിൽ പോയി.