കോഴിക്കോട്: ജാതി വിഭാഗം പൂരിപ്പിക്കുന്നതിലെ പിഴവ് കാരണം സംസ്ഥാനത്ത് നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനമില്ല. ഇത്തവണ  പ്രവേശന  നടപടികൾ  സമ്പൂർണ്ണമായി  ഓൺലൈനാക്കിയതും വിദ്യാർത്ഥികൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ ലഭിക്കാതിരുന്നതുമാണ് പ്രശ്നമായത്. ജാതിവിഭാഗവും ജാതിയും പൂരിപ്പിക്കുന്നതിലെ പിഴവ്  കാരണമാണ് മിക്ക അപേക്ഷകളും നിരസിക്കപ്പെട്ടത്. 15 ഓളം ജാതി മത വിഭാഗങ്ങളായാണ് അപേക്ഷ തരം തിരിച്ചത്.  ഈ തരം തിരിവിനെക്കുറിച്ച് പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കോ കുടുംബങ്ങൾക്കോ കൃത്യമായ അറിവുണ്ടായിരുന്നില്ല. അതോടെ അപേക്ഷ നിരസിക്കപ്പെട്ടു.

അപേക്ഷയിൽ തിരുത്തൽ വരുത്താൻ ആദ്യഘട്ടത്തിലും ട്രയൽ അലോട്ട്‍മെന്‍റിന് ശേഷവും സമയം നൽകിയിരുന്നു എന്നാണ് ഹയർസെക്കണ്ടറി വകുപ്പിന്‍റെ വിശദീകരണം. എന്നാൽ കൂടുതല്‍ കാറ്റഗറികൾ ഉൾപ്പെടുത്തിയതാണ് പ്രശ്നമുണ്ടാക്കിയതെന്ന് അവർ സമ്മതിക്കുന്നു.  സോഫ്റ്റ് വെയറിൽ  ജാതി  കോളം മാത്രം ഉൾപ്പെടുത്തി മറ്റു വിവരങ്ങൾ സ്വമേധയാ ജനറേറ്റ് ചെയ്തിരുന്നുവെങ്കില്‍ പ്രശ്നം ഉണ്ടാകില്ലായിരുന്നു. മികച്ച മാർക്കുള്ള പല വിദ്യാർത്ഥികൾക്കും ഇങ്ങനെ പ്രവേശനം കിട്ടാതെ പോയിട്ടുണ്ട്. ചിലർക്ക് സംവരണം കിട്ടിയതേയില്ല.  ഒഴിവുള്ള സീറ്റുകളിലേക്ക്  സപ്ലിമെന്‍ററി ലിസ്റ്റ് തയ്യാറാക്കുമ്പോഴാണ്  ഇനി ഇവരെ പരിഗണിക്കുക. അപ്പോൾ  ആഗ്രഹിക്കുന്ന കോഴ്സുകളോ  വീടിന് സമീപത്തുള്ള സ്‍കൂളുകളിലേക്കോ പ്രവേശനം കിട്ടാനിടയില്ല.