മലപ്പുറം: എടപ്പാളിലെ രണ്ടു ആശുപത്രികളിലായി പരിശോധന നടത്തിയ 680 പേരിൽ 676 പേരുടെ ഫലം നെഗറ്റീവ്. ഒരു വയസുള്ള കുട്ടിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇനി ഫലം വരാനുള്ളത് മൂന്നു പേരുടേതാണ്. ഇവർക്ക് പൊസിറ്റീവെന്ന് സൂചനയുണ്ട്. ഇവരെ മൂന്നു പേരെയും ഇന്നലെ വൈകിട്ടോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതേസമയം മലപ്പുറം ചീക്കോട് കൊവിഡ് ബാധിച്ച യുവാവ് നിരവധി പേരുമായി സമ്പർക്കം പുലര്‍ത്തിയിരുന്നു. ജൂൺ 18-ാം തിയതി ജമ്മുവിൽ നിന്നും വന്ന യുവാവ് ക്യാറന്‍റീന്‍ ലംഘിച്ച് നിരവധി കടകളിൽ കയറിയിരുന്നു. കട അടക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. 

മലപ്പുറം ഊർങ്ങാട്ടിരിയിലും ക്വാറന്‍റീന്‍ ലംഘിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ അരീക്കോട് പൊലീസ് കേസെടുത്തു. ജൂണ്‍ 16 ന് ബെംഗളൂരുവിൽ നിന്ന് എത്തിയ ഇയാൾക്ക് ജൂലൈ ഒന്നിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരിശോധനാഫലം വരും മുമ്പ് ഇയാൾ ക്വാറന്‍റീന്‍ അവസാനിപ്പിക്കുക ആയിരുന്നു. ഇയാൾ ബന്ധുവീടുകൾ സന്ദർശിക്കുകയും ക്രിക്കറ്റ് കളിക്കാൻ ഗ്രൗണ്ടിൽ പോവുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 24 പേരും സെക്കണ്ടറി കോണ്ടാക്ട് ലിസ്റ്റില്‍ 40 പേരുമാണുള്ളത്. സമ്പർക്കത്തിലുള്ള മുഴവൻ പേരും നിരീക്ഷണത്തിലേക്ക് മാറി. 

വ്യാപാരിയുടെ മകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്  കോഴിക്കോട്ട്  വലിയങ്ങാടിയിൽ നിയന്ത്രണങ്ങളേർപ്പെടുത്തി. കടകൾ പകുതി മാത്രം തുറക്കാനും വാഹനങ്ങൾ പകുതിയാക്കാനും നിർദേശം നൽകിയതായി കോർപ്പറേഷൻ സെകട്ടറി ബിനു ഫ്രാൻസിസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച കൊളത്തറ സ്വദേശി വലിയങ്ങാടിയിൽ ഒരു മണിക്കൂർ ചെലവഴിച്ചിരുന്നു. കൊളത്തറ സ്വദേശിയുടെ സമ്പർക്ക പട്ടികയിലെ നാലു പേർക്ക് പനിയുണ്ട്. ബന്ധുക്കൾ ഉള്‍പെടെ 20 പേരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് നിർദേശം നല്‍കി.