Asianet News MalayalamAsianet News Malayalam

ആറന്മുളയില്‍ വീണാ ജോര്‍ജിന്‍റെ പ്രചാരണങ്ങളില്‍ 267 പാര്‍ട്ടി അംഗങ്ങള്‍ വിട്ടുനിന്നെന്ന് കണ്ടെത്തല്‍

മല്ലപ്പുഴശ്ശേരിയിൽ ഒരു ലോക്കൽ കമ്മിറ്റി അംഗം സ്ലിപ് വിതരണം ചെയ്തില്ല. പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം ഷമീർ കുമാർ ഉത്തരവാദിത്തം നിർവഹിച്ചില്ലെന്നും റിപ്പോർട്ടുണ്ട്. 

more than two hundred people did not participate in veena georges election campaign
Author
Trivandrum, First Published Sep 15, 2021, 9:27 AM IST

തിരുവനന്തപുരം: ആറന്മുളയിൽ വീണാ ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് 267 പാർട്ടി പ്രവർത്തകർ വിട്ടുനിന്നെന്ന് തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ഒരു ഏരിയ കമ്മറ്റി അംഗവും നാല് ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ട്. സിപിഎം സമ്മേളനങ്ങൾ തുടങ്ങാനിരിക്കെയാണ് ആറന്മുളയിൽ പ്രാദേശിക നേതാക്കളുടെ പേര് എടുത്ത് പറഞ്ഞുള്ള തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പുറത്ത് വരുന്നത്. പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം ഷമീർ കുമാർ, കുളനട ലോക്കൽ കമ്മിറ്റി അംഗം എൻ ജീവരാജ്, ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ പി രാഗേഷ്, എം കെ രാഘവൻ, മലപ്പുഴശേരി എൽ സി അംഗം ആർ ശ്രീകുമാർ എന്നിവരാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നവർ. 

ഇരവിപേരൂർ കോഴഞ്ചേരി പന്തളം പത്തനംതിട്ട ഏരിയ കമ്മിറ്റികളുടെ കീഴിലുള്ള 22 ലോക്കൽ കമ്മിറ്റികളിൽ 20 ഇടങ്ങളിലായാണ് 267 പാർട്ടി കേഡര്‍മാര്‍ വിട്ടുനിന്നത്. തെരഞ്ഞെടുപ്പ് കാലത്ത് മൊബൈൽ ആപ്പിൻ്റെ സഹായത്തോടെ സിപിഎം തെരഞ്ഞെടുപ്പ് അവലോകനം നടത്തിയിരുന്നു. ഇതിന് പുറമെ പ്രാദേശികമായി ശേഖരിച്ച വിവരവും ക്രോഡീകരിച്ചാണ് ഇത്രയധികം പാർട്ടി അംഗങ്ങൾ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നതായി കണ്ടെത്തിയത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ പദ്മകുമാറിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അവലോകനം നടത്തിയത്.  റിപ്പോർട്ടിൽ പരാമർശിക്കുന്നവർക്ക് ബ്രാഞ്ച് കമ്മിറ്റികൾ യാതൊരു ആവശ്യങ്ങൾക്കും കത്ത് നൽകരുതെന്നും നിർദേശം നൽകി. 267 പാർട്ടി കേഡർമാർ വിട്ടുനിൽക്കാനുണ്ടായ സാഹചര്യം പരിശോധിക്കാനാണ് പാർട്ടി തീരുമാനം. സമ്മേളനങ്ങളിലും റിപ്പോർട്ട് ചർച്ച ചെയ്യാനുള്ള നീക്കങ്ങളും സജീവമാണ്. ചില പ്രവർത്തകർ സജീവമല്ലെന്ന് പ്രചരണ സമയത്ത് വീണ ജോർജ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios