തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം മന്ത്രി പുത്രന്‍റെ ഫോട്ടോ അന്വേഷണ ഏജൻസികൾ വഴി പുറത്തുവന്നതായ വാര്‍ത്തയും അത് സംബന്ധിച്ച കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണവും വന്നത്, 

വാര്‍ത്താ സമ്മേളനത്തിന്‍റെ അവസാന രണ്ട് മിനിറ്റ് ഇങ്ങനെയായിരുന്നു:

ചോദ്യം: സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നക്കൊപ്പം മന്ത്രി പുത്രൻ നിൽക്കുന്നു എന്ന തരത്തിൽ ഒരു ചിത്രം അന്വേഷണ ഏജൻസികൾ വഴി പുറത്തുവന്നതായി പത്രങ്ങളിലും മാധ്യമങ്ങളിലും വന്നിരുന്നു. മന്ത്രി പുത്രനെ സംബന്ധിച്ച് ആക്ഷേപം ഉയർന്നിരുന്നു.ഇത് പാർട്ടി ചർച്ചചെയ്തോ പാർട്ടി തലത്തിൽ പരിശോധിക്കുന്നുണ്ടോ?

കോടിയേരി ബാലകൃഷ്ണൻ: നിങ്ങൾ ഇങ്ങനെ പല കഥകൾ ഉണ്ടാക്കി ഫോട്ടോ ഉണ്ടാക്കി മോർഫിംഗ് പോലെ പ്രചരിപ്പിക്കുന്ന അനൂപിന്‍റെ ചാനലുകാര് ഇപ്പോ ഇത്രെം ചോദ്യം ചോദിച്ചാൽ ഞാനെന്ത് പറയാനാണ്?

ചോദ്യം:അത് ചാനൽ അല്ല പുറത്തുവിട്ടത്

കോടിയേരി ബാലകൃഷ്ണൻ:ചാനലുകാർ അത് ചിലത് പുറത്തുവിടുന്നു.മോർഫിംഗുണ്ടാക്കി മുഖ്യമന്ത്രിയുടെ അടുക്കൽ സ്വപ്ന സുരേഷ് അടുത്തിങ്ങനെ വർത്തമാനം പറയുന്ന മോർഫിംഗ് ഉണ്ടാക്കിയില്ലെ?ഇതിൽ ഏത് ഫോട്ടോയാണ് ഇപ്പോൾ വിശ്വസിക്കാൻ പറ്റുക.മുഖ്യമന്ത്രിയുടെ മകളുടെ  കല്യാണത്തിൽ പങ്കെടുക്കുന്നതായി ഒരു മോർഫിംഗ് ചിത്രം ഉണ്ടാക്കിയില്ലെ.ഇങ്ങനെ എന്തെല്ലാം ചിത്രങ്ങൾ ഉണ്ടാക്കി നിങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു.ഇതൊക്കെ ആളുകൾ വിശ്വസിക്കും എന്നാണോ?ആർക്കെതിരായിട്ടാണ് ഇത്തരം മോർഫിംഗ് ചിത്രങ്ങൾ ഉണ്ടാക്കികൂടാത്തത്.നാളെ അനൂപിനെതിരായി ചിത്രങ്ങൾ ഇറക്കിയാൽ അനൂപ് എന്ത് ചെയ്യും.അതുകൊണ്ട് അനൂപെ തീക്കൊള്ളി കൊണ്ടുള്ള കളിയാണ്.അതുകൊണ്ട് നിങ്ങളെ പോലുള്ള ആളുകളെ ഉപയോഗിച്ച് കൊണ്ട് ചാനലുകാർ പല കളിയും കളിപ്പിക്കും അതുകൊണ്ട് സ്വയം ആലോചിച്ച് ചെയ്യുന്നതാകും നല്ലത്.

ചോദ്യം: ഞാൻ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയാണ്.ഏഷ്യാനെറ്റ് ന്യൂസാണ് ആ ചിത്രം മോർഫ് ചെയ്തതെന്ന് താങ്കൾ എങ്ങനെയാണ് ആരോപിക്കാൻ കഴിയുന്നത്?എന്ത് സ്ഥിരീകരണമാണ്  അക്കാര്യത്തിൽ ഉള്ളത്?

കോടിയേരി ബാലകൃഷ്ണൻ: ഏഷ്യാനെറ്റ് ആയതുകൊണ്ടാണ് ഇക്കാര്യങ്ങൾ പറയുന്നത് നിങ്ങൾ ഇക്കാര്യം ഗൗരവപരമായി ആലോചിക്കണം.ഇത്തരം ചിത്രങ്ങൾ കൊടുക്കേണ്ടതാണോ

ചോദ്യം.താങ്കളുടെ ആദ്യ ആരോപണം ഏഷ്യാനെറ്റ് ന്യൂസാണ് അത് മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നാണ്.അത്തരത്തിൽ താങ്കളുടെ ആരോപണം ഉള്ളത് എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്?

കോടിയേരി ബാലകൃഷ്ണൻ: നിങ്ങളത് ദുർവ്യാഖ്യാനിക്കേണ്ട ഏഷ്യാനെറ്റ് മോർഫ് ചെയ്തു എന്നല്ല പറഞ്ഞത്.മോർഫ് ചെയ്തൊരു ചിത്രം ഏഷ്യാനെറ്റ് പ്രചരിപ്പിച്ചു.നിങ്ങൾക്കതിന് ഉത്തരവാദിത്തമില്ലെ നിങ്ങളതിന്‍റെ ജനുവിനിറ്റി നോക്കേണ്ടെ?നിങ്ങൾക്കെതിരായി ഒരു ഫോട്ടോ പ്രചരിപ്പിച്ചാൽ എന്താകും സ്ഥിതി? നിങ്ങൾക്കത് താങ്ങാൻ പറ്റില്ല ഞങ്ങൾക്കത് താങ്ങും.എന്ത് മോർഫിംഗ് പ്രചരിപ്പിച്ചാലും ഞങ്ങളത് താങ്ങും. പക്ഷെ നിങ്ങൾക്കെതിരെ വന്നാൽ നിങ്ങൾ അത് താങ്ങൂല എന്ന് മനസിലാക്കിക്കോ.കൂടുതലൊന്നും പറയുന്നില്ല എൽഡിഎഫ് മീറ്റിംഗ് ഉള്ളത്കൊണ്ട് നമുക്കിത് അവസാനിപ്പിക്കാം.ശരി.

ഇനി വിവാദ ചിത്രം ഏഷ്യാനെറ്റ് ന്യൂസിൽ ഇതുവരെ നൽകിയിട്ടില്ല. ഇത് ചോദിക്കും മുമ്പ് വാർത്താസമ്മേളനം അവസാനിച്ചു.