തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ച 28 പേരിൽ 25 പേരും ദുബായിൽ നിന്നും എത്തിയവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം സ്ഥിരീകരിച്ച 28 പേരിൽ 19 പേരും കാസർഗോഡ് ജില്ലയുള്ളവരാണ്. അഞ്ച് പേർ കണ്ണൂർ സ്വദേശികളും രണ്ട് പേർ എറണാകുളത്തുകാരും ഒരാൾ പത്തനംതിട്ട സ്വദേശിയും ഒരാൾ തൃശ്ശൂർ സ്വദേശിയുമാണ്. നിലവിൽ 91 പേരാണ് കൊവിഡ് ബാധിതരായി കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. 

പുറത്തു നിന്നും വന്നവരിൽ വ്യാപകമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ കർശന നടപടികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവർ ഇക്കാലയളവിൽ പുറത്തിറങ്ങി നടന്നാൽ അറസ്റ്റ് ചെയ്യും എന്നാണ് സർക്കാരിൻ്റെ തീരുമാനം. വിദേശത്തു നിന്നും വരുന്നവരെ കൂടാതെ ഇനി മുതൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവരും 14 ദിവസത്തെ സ്വയം നിരീക്ഷണം സ്വീകരിക്കണം. 

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ അവിടെ തന്നെ തുടരുന്നു എന്നുറപ്പാക്കാൻ മൊബൈൽ ലൊക്കേഷൻ പരിശോധിക്കാനും നിരീക്ഷണത്തിൽ കഴിയുന്നവരുടെ അയൽവാസികളെ ചുമതലപ്പെടുത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതേസമയം യുഎഇയിലെ വ്യോമഗതാഗതം താത്കാലികമായി നിർത്തിവയ്ക്കുകയും രാജ്യത്തെ അഭ്യന്തരവിമാനയാത്രകൾ നാളത്തോടെ അവസാനിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും അൽപം ആശ്വാസം നൽകും. 

കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ 29 കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇന്നൊരു ദിവസം മാത്രം 28 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് കാസർകോട് ജില്ലയിൽ മാത്രം നിലവിലുണ്ടായിരുന്ന ലോക്ക്ഡൌണ് സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. 

നാളെ രാവിലെ മുതൽ മെഡിക്കൽ ഷോപ്പുകൾ, പച്ചക്കറി, പലചരക്ക് തുടങ്ങി അവശ്യവസ്തുകൾ വിൽക്കുന്ന കടകൾ മാത്രമേ സംസ്ഥാനത്ത് തുറക്കാൻ പാടുള്ളൂ. അതും രാവിലെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ മാത്രം. ഹോട്ടലുകൾ നാളേയും പതിവ് പോലെ തുറക്കുമെങ്കിലും ആർക്ക് ഇരുന്ന ഭക്ഷണം കഴിക്കാൻ പറ്റില്ല. പാർസലായി ഭക്ഷണം വാങ്ങി കൊണ്ടു പോകാനാണ് സർക്കാർ നിർദേശിക്കുന്നത്. 

അസാധാരണമായ സാഹചര്യം എന്നാണ് സംസ്ഥാനത്തെ കൊവിഡ് ബാധയെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. സർക്കാർ നിർദേശങ്ങൾ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യും എന്നതടക്കം കർശനമായ നിർദേശങ്ങളാണ് സർക്കാർ ഇന്ന് മുന്നോട്ട് വച്ചിരിക്കുന്നത്. രോഗപ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കണമെന്ന് ഇതുവരെ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്ന സർക്കാർ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന ഘട്ടം വന്നതോടെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത നിയന്ത്രണങ്ങളാണ് കേരളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.