ഇരുവരും ജോലിക്ക് പോകുന്നതിനാൽ കുഞ്ഞിനെ പരിചരിക്കാൻ പറ്റാതെ വന്നതോടെ ഒരു മാസം മുമ്പ് നാലായിരം രൂപയ്ക്ക് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചിരുന്നു.

പാലക്കാട്: ദമ്പതികൾ തമ്മിലുള്ള തർക്കത്തിനിടെ രണ്ടു മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു. പാലക്കാട് പുതുശ്ശേരി കൂട്ടുപാതയിലാണ് അസം സ്വദേശിയായ അമ്മ രണ്ടുമാസം പ്രായമുള്ള പെൺ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

ഒരു വർഷം മുമ്പാണ് തൊഴിൽ അന്വേഷിച്ച് അസം സ്വദേശികളായ ദമ്പതികൾ പാലക്കാട് കൂട്ടുപാതയിലെത്തിയത്. രണ്ടു മാസം മുമ്പ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നു. ഇരുവരും ജോലിക്ക് പോകുന്നതിനാൽ കുഞ്ഞിനെ പരിചരിക്കാൻ പറ്റാതെ വന്നതോടെ ഒരു മാസം മുമ്പ് നാലായിരം രൂപയ്ക്ക് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചു. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു. പിന്നീട് കുഞ്ഞിനെ പരിചരിക്കാമെന്ന് എഴുതി നൽകിയതോടെയാണ് അന്ന് ദമ്പതികൾക്ക് പൊലീസ് കുഞ്ഞിനെ വിട്ടു നൽകയത്.

സംഭവം നടന്ന് ഒരു മാസം പിന്നിട്ടപ്പോഴാണ് കുഞ്ഞിനെയും ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഇവർ താമസിക്കുന്ന കെട്ടിടത്തിന് താഴെയുള്ള ലോട്ടറി വിൽപനക്കാരി പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി കുഞ്ഞിനെ ഏറ്റെടുത്തു. കുഞ്ഞിനെ ശിശുസംരക്ഷണ സമിതി ഉത്തരവു പ്രകാരം മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി. അമ്മയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി കസബ പൊലീസ് അറിയിച്ചു.

ജാർഖണ്ഡില്‍ നിന്ന് ഷൂട്ടർമാരെത്തിയിട്ടും കുറവില്ലാതെ കാട്ടുപന്നി ആക്രമണം; കണ്ണീരിലാഴ്ത്തി ജിനീഷിന്റെ വിയോഗവും
കോഴിക്കോട്: തിരുവമ്പാടിയിൽ കാട്ടുപന്നിയെ പേടിച്ച് നാടും നാട്ടുകാരും എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്നതിനിടെ തീരാനോവായി ജിനീഷിന്റെ മരണവാര്‍ത്ത. കഴിഞ്ഞ ഞായറാഴ്ച രാത്രി സുഹൃത്തും ബന്ധുവുമായ ബിബിനിനൊപ്പം സിനിമ കണ്ട് മുക്കത്ത് നിന്ന് മടങ്ങവേയാണ് കാട്ടുപന്നി ഇവര്‍ സഞ്ചരിച്ച ബൈക്കിന് കുറുകേ ചാടിയത്. ബൈക്കില്‍ നിന്ന് തെറിച്ച് വീണ ഇരുവര്‍ക്കും സാരമായി പരിക്കേല്‍ക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് ജിനീഷ് മരിച്ചത്.

തിരുവമ്പാടി പഞ്ചായത്തില്‍ മിക്ക വാര്‍ഡുകളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. പൊന്നാങ്കയം കൂടാതെ പുന്നക്കല്‍, തമ്പലമണ്ണ, ആനക്കാംപൊയില്‍, മുത്തപ്പന്‍പുഴ, പുല്ലൂരാംപാറ തുടങ്ങിയ സ്ഥലങ്ങളിലാണ് രൂക്ഷമായ പ്രശ്‌നങ്ങളുള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജിനീഷിന്റെ തന്നെ മറ്റൊരു ബന്ധുവിന് കാട്ടുപന്നിയെ കണ്ട് പരിഭ്രമിച്ച് ഓടുന്നതിനിടയില്‍ വീണ് പരിക്കേറ്റിരുന്നു. കര്‍ഷകരെയും റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളെയും നാട്ടുകാരെയും പന്നി ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. ഒരു തവണ ഇത്തരത്തിലുണ്ടായ ആക്രമണത്തില്‍ ഒരാളുടെ കാല് കുത്തിക്കീറിയ നിലയിലായിരുന്നു. ഇതിനെല്ലാം പുറമേയാണ് വാഹനത്തിന് കുറുകേ ചാടിയുണ്ടാകുന്ന അപകടങ്ങള്‍. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് കൂടുതലും ഈ രീതിയില്‍ അപകടത്തില്‍പ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...