തിരുവനന്തപുരം ശ്രീകാര്യത്താണ് വഴിയിലൂടെ നടന്ന് പോവുകയായിരുന്ന അമ്മയെയും കുഞ്ഞിനെയും പ്രവാസിയായ സജി മാത്യു ഇടിച്ചിട്ടത്. നാട്ടുകാർ ഇടപെട്ടതോടെ കാറിൽ ഇവരെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും പകുതി വഴിക്ക് ഇറക്കിവിടുകയായിരുന്നു.
തിരുവനന്തപുരം: ശ്രീകാര്യത്ത് പ്രവാസിയുടെ കാറിടിച്ച് കുഞ്ഞിന് ഗുരുതരപരിക്ക്. കൂടെയുണ്ടായിരുന്ന കുഞ്ഞിന്‍റെ അമ്മയ്ക്കും സാരമായ പരിക്കേറ്റു. ഇവരെ ഓടിക്കൂടിയ നാട്ടുകാരുടെ നിർബന്ധത്തെത്തുടർന്ന് കാറിൽ കയറ്റിയെങ്കിലും ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് വഴിയിൽ ഇറക്കിവിട്ടെന്ന് കുഞ്ഞിന്‍റെ അമ്മ ആരോപിക്കുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് ഒന്നും ചെയ്തില്ല. കുഞ്ഞിന്‍റെ മുഖമാകെ ഉരഞ്ഞ് പൊട്ടിയ നിലയിലാണ്. കുഞ്ഞിന്‍റെ അമ്മയുടെ കാലിനാണ് സാരമായ പരിക്കേറ്റിരിക്കുന്നത്.
പ്രവാസിയായ സജി മാത്യുവിന്‍റെ കാറാണ് യുവതിയെയും കുഞ്ഞിനെയും ഇടിച്ചിട്ടതെന്ന് പൊലീസ് സംഭവം വിവാദമായതിന് ശേഷം അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. കൊട്ടാരക്കര സദാനന്ദപുരം സ്വദേശിയാണ് സജി മാത്യു. സജിയുടെ ഭാര്യയുടെ പേരിലാണ് കാർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രവാസിയായ താൻ തിരുവനന്തപുരത്ത് സ്വകാര്യ ആവശ്യത്തിനാണ് എത്തിയതെന്നാണ് സജി ഇപ്പോൾ പൊലീസിനോട് പറയുന്നത്. സംഭവം സാമൂഹ്യമാധ്യമങ്ങളിലടക്കം ചർച്ചയായപ്പോൾ, കഴക്കൂട്ടം പൊലീസ് ഇപ്പോൾ മാത്രമാണ് സജി മാത്യുവിന്‍റെ മൊഴിയെടുക്കുന്നത്.
കഴിഞ്ഞ മാസം ഇരുപത്തിയെട്ടാം തീയതിയാണ് സംഭവം. ശ്രീകാര്യത്ത് റോഡരികിൽ നിൽക്കുകയായിരുന്ന യുവതിയെയും കുഞ്ഞിനെയും സജി മാത്യുവിന്‍റെ കാർ ഇടിച്ചിടുകയായിരുന്നു. വീണ കുഞ്ഞിന്‍റെ മുഖം മുഴുവൻ റോഡിൽ ഉരഞ്ഞ് പൊട്ടി. യുവതിയ്ക്കും സാരമായ പരിക്കേറ്റു. വീണ കുഞ്ഞിനെ എടുക്കാൻ ശ്രമിച്ച യുവതിയെ കണ്ട സജി മാത്യു വണ്ടിയുമായി രക്ഷപ്പെടാൻ ശ്രമിച്ചു. അതേസമയം, അത് വഴി എത്തിയ രണ്ട് ബൈക്കുകാർ കാർ തടഞ്ഞു നിർത്തി. ചോരയൊലിച്ച് റോഡിൽ നിൽക്കുകയായിരുന്ന കുട്ടിയെയും അമ്മയെയും കാറിലേക്ക് കയറ്റി. ഇവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചേ തീരൂ എന്ന് യുവാക്കൾ കാറിലുണ്ടായിരുന്ന സജി മാത്യുവിനോട് നിർബന്ധമായി പറഞ്ഞു.
ഈ നിർബന്ധം മൂലം രക്ഷപ്പെടാൻ ഒരു നിവൃത്തിയുമില്ലാതെയായപ്പോഴാണ് സജി മാത്യു ഇവരെ ആശുപത്രിയിൽ കൊണ്ടാക്കാൻ തയ്യാറായത്. എന്നാൽ പോകുന്നതിനിടെ, വഴിയ്ക്ക് വച്ച് ചോരയൊലിപ്പിച്ച് നിൽക്കുന്ന കുഞ്ഞിനെയും എടുത്ത് ഇരിക്കുകയായിരുന്ന യുവതിയോട് 'ഇത്രയൊക്കെയേ എന്നെക്കൊണ്ട് പറ്റൂ, വേണമെങ്കിൽ ഇപ്പോൾ ഇവിടെ ഇറങ്ങിക്കോളാ'ൻ സജി മാത്യു പറയുകയായിരുന്നു. വേറെ നിവൃത്തിയില്ലാതെ യുവതി ഇവിടെ ഇറങ്ങി. അപ്പോൾ വന്ന് നിന്ന ഒരു ഓട്ടോയിൽ കയറി കിംസ് ആശുപത്രിയിൽ പോകുകയായിരുന്നു.
ആരാണ് ഇടിച്ചതെന്നതടക്കം ഒരു വിവരങ്ങളും യുവതിയ്ക്കോ കുടുംബത്തിനോ അറിയില്ലായിരുന്നു. പക്ഷേ കാർ നമ്പർ കുറിച്ച് വച്ചിരുന്നു. ഇതടക്കം ചേർത്ത് ശ്രീകാര്യം പൊലീസിൽ യുവതിയും ഭർത്താവും പരാതി നൽകി. ഒന്നാം തീയതിയും മറ്റ് പല തവണകളിലുമായി പരിക്കേറ്റ യുവതിയെയും പ്ലാസ്റ്റിക് സർജറി ചെയ്ത് ചികിത്സയിൽ കഴിയുന്ന രണ്ട് വയസ്സുകാരനെയും വിളിച്ച് വരുത്തുകയല്ലാതെ പൊലീസ് കേസിൽ ആരാണ് വണ്ടിയിടിച്ചതെന്ന് അന്വേഷിക്കാൻ പോലും തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു.
വേറെ നിവൃത്തിയില്ലാതെയാണ് കുഞ്ഞിന്‍റെ അച്ഛൻ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇനി ഇത്തരം അനുഭവം ആർക്കും ഉണ്ടാകാതിരിക്കാനാണിത് എന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പ് ഫേസ്ബുക്കിൽ വൈറലായിരുന്നു. ഇതേത്തുടർന്ന് ഇന്ന് മാത്രമാണ് പൊലീസ് ആരാണ് വണ്ടിയോടിച്ചതെന്ന് കണ്ടെത്തി ഇവരുടെ മൊഴിയെടുക്കാൻ തയ്യാറായത്.
അടിയന്തരമായി കേസിൽ ഇടപെടണമെന്നും, വണ്ടിയോടിച്ചവർക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷനും വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
വീഡിയോ കാണാം: