തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയേയും മൂന്ന് മക്കളേയും വീട്ടിൽ നിന്ന് കുടിയിറക്കി. പുറമ്പോക്കിൽ ഇവർ താമസിച്ചിരുന്ന ഷെഡ് ഉൾപ്പടെ അയൽക്കാർ പൊളിച്ചു മാറ്റി. നെയ്യാറ്റിൻകരയിലെ കുടിയൊഴിപ്പിക്കലിന്‍റെ ഞെട്ടൽ മാറും മുൻപാണ് കഴക്കൂട്ടത്ത് നിന്നും മനസാക്ഷിയില്ലാത്ത മറ്റൊരു ഒഴിപ്പിക്കൽ വാർത്ത പുറത്ത് വരുന്നത്. കഴക്കൂട്ടം സൈനിക നഗറിലെ എച്ച് ബ്ലോക്കിലായിരുന്നു ടാർപോളിൻ ഷീറ്റ് കെട്ടി സുറുമിയും വിദ്യാർത്ഥികളായ മൂന്ന് പെൺമക്കളും കൂരയൊരുക്കിയത്. 

ഈ മാസം 17 നായിരുന്നു അയൽക്കാരായ ഷംനാദും ദിൽഷാദും ഇവരുടെ കൂര പൊളിച്ചു മാറ്റിയത്. മാരകായുധങ്ങളുമായി എത്തിയ ഇരുവരും കുടുംബത്തെ ഭീഷണിപ്പെടുത്തുകയും പിടിച്ച് തള്ളുകയും ചെയ്തു. വിൽക്കാനിട്ടിരിക്കുന്ന സമീപത്തെ സ്ഥലത്തിന് വഴിയൊരുക്കാനായിരുന്നു ഇവരെ കുടിയൊഴിപ്പിച്ചതെന്നാണ് ആക്ഷേപം. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് സുറുമിയും മക്കളും വീട് വിട്ട് ഇവിടെ എത്തിയത്. ഏഴ് വർഷമായി ഇതേ സ്ഥലത്തായിരുന്നു ഇവരുടെ താമസം. സംഭവം അറിഞ്ഞെത്തിയ പൊലീസ് ഒരു നടപടിയും എടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു.