പൊള്ളലേറ്റ അമ്മ ലേഖ(40)യെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.
തിരുവനന്തപുരം: ജപ്തി നടപടിക്കിടെ അമ്മയും മകളും തീ കൊളുത്തി. നെയ്യാറ്റിന്‍കര മാരായമുട്ടത്താണ് സംഭവം. വൈഷ്ണവി(19) ആണ് മരിച്ചത്. പൊള്ളലേറ്റ അമ്മ ലേഖ(40)യെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ഇവരുടെ നില അതീവ ഗുരുതരമാണ്.
മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. മകൾ വൈഷ്ണവി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അമ്മ ലേഖ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് ഈ കടുംകൈക്ക് ഇടയാക്കിയതെന്നാണ് വിവരം
നെയ്യാറ്റിൻകര കാനറാ ബാങ്ക് ശാഖയിൽ നിന്ന് അഞ്ച് ലക്ഷം രൂപയാണ് പതിനഞ്ച് വര്‍ഷം മുൻപ് ഇവര്‍ വായ്പ എടുത്തിരുന്നത്. പലിശ സഹിതം ഇതിപ്പോൾ ആറ് ലക്ഷത്തി എൺപതിനായിരം രൂപയായിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവിന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി. ജപ്തി നോട്ടീസ് ലഭിച്ചത് മുതൽ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം.
എന്നാൽ ഒരു തരത്തിലും ജപ്തി നടപടികൾക്ക് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നാണ് ബാങ്ക് പറയുന്നത്. ഭവന വായ്പയാണ് കുടുംബം എടുത്തത്. തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് കോടതിയിൽ കേസ് കൊടുത്തിരുന്നു. വായ്പ തിരിച്ചടവിന് കുടുംബം കൂടുതൽ സമയം ചോദിച്ചിരുന്നു. അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നുവെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.

ജപ്തി ഭയന്ന് ജീവൻ നഷ്ടമാകുന്ന സാഹചര്യം അടക്കം ഉണ്ടായതോടെ വലിയ പ്രതിഷേധമാണ് ബാങ്കിനെതിരെ നെയ്യാറ്റിൻകരയിൽ ഉള്ളത്. എടുത്തത് ഭവന വായ്പയായിരുന്നു എന്നും തിരിച്ചടവ് വൈകിയെന്നും വിശദീകരിക്കുന്ന ബാങ്ക് വായ്പാ തിരിച്ചടവ് വൈകിയപ്പോൾ കേസ് കൊടുക്കുക മാത്രമാണ് ചെയ്തതെന്നും വിശദീകരിക്കുന്നു.
എന്നാൽ ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്ന് നിരന്തര സമ്മര്‍ദ്ദം ഉണ്ടായിരന്നതായാണ് ഗൃഹനാഥൻ ചന്ദ്രൻ പറയുന്നത്. വീട് ജപ്തി ചെയ്ത് നഷ്ടമാകുമെന്ന ഭയം ഉണ്ടായിരുന്നു. തിരിച്ചടവിന് കൂടുതൽ സമയം ചോദിച്ചത് അനുവദിച്ചില്ലെന്നും ചന്ദ്രൻ പറയുന്നു.
വീട് വിറ്റ് കടം വീട്ടാൻ പോലും കുടുംബം ശ്രമിച്ചിരുന്നു എന്ന് അയൽക്കാരും ബന്ധുക്കളും പറയുന്നു
