ആ സമയത്ത് പാലുകുടി മാറാത്ത പിഞ്ചുകുഞ്ഞായിരുന്നതിനാൽ അവളെയും ജയിലിലിടാൻ തീരുമാനിക്കുകയായിരുന്നു, അങ്ങനെ അവൾ ആറ് ദിവസം ജയിലിലും കിടന്നു

ആലപ്പുഴ: ആലപ്പുഴയില്‍ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന കുഞ്ഞ് അവളുടെ ഒന്നരവയസിനുള്ളിൽ ജയിലിലും കിടന്നു. അച്ഛന്‍റെ അമ്മയെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് ആക്രമിച്ച കേസിൽ കുഞ്ഞിന്‍റെ അമ്മയും അച്ഛനും ആറ് ദിവസം ജയിലിൽ കിടന്നിരുന്നു. ആ സമയത്ത് പിഞ്ചു കുഞ്ഞായിരുന്നത് കൊണ്ട് മകളെയും ഇവ‍ർക്കൊപ്പം ജയിലിലിടുകയായിരുന്നു. രണ്ട് മാസം മുമ്പ് കുഞ്ഞിനെ ഉപദ്രവിച്ചതിലും കുട്ടിയുടെ അമ്മയ്ക്കെതിരെ പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ കേസുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

കുട്ടിയെ അമ്മ മർദ്ദിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍റെ അമ്മ പൊലീസിന് മൊഴി നല്‍കി. മകന്‍റെ ഭാര്യ പ്രത്യേക സ്വഭാവക്കാരിയാണെന്നും കുട്ടിയെ കൊല്ലുമെന്ന് പറയാറുണ്ടെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. വീട്ടിൽ എല്ലാവരും ഒന്നിച്ചിരിക്കുമ്പോൾ കുട്ടിയുടെ അമ്മ പെട്ടെന്ന് കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതിന് ശേഷമാണ് കുഞ്ഞിന്‍റെ ശ്വാസം നിലച്ച് പോയതെന്നും കുട്ടിയുടെ അച്ഛന്‍റെ അമ്മ പൊലീസിനോട് പറഞ്ഞു. കുട്ടി ആരോഗ്യവതിയായിരുന്നു എന്നും അസുഖമൊന്നും ഇല്ലായിരുന്നു എന്നും ഇവർ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

കുട്ടിയുടെ അമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ തുടര്‍ന്ന് കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയുടെ അച്ഛനെയും അച്ഛന്‍റെ അച്ഛനെയും പൊലീസ് ചോദ്യം ചെയ്തു. 

ഇന്നലെ വൈകീട്ടാണ് ആലപ്പുഴയിലെ പട്ടണക്കാട് പതിനഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ അച്ഛനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറയുന്നു. വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തിയെന്നാണ് ആശുപത്രിയില്‍ എത്തിച്ചവർ അറിയിച്ചത്.

ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്നാണ് കുട്ടിയേ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രിയിലെത്തുമ്പോള്‍ കുട്ടി മരിച്ചിരുന്നു. കുട്ടിക്ക് അനക്കമില്ലെന്നാണ് അമ്മ ആദ്യം അയല്‍വാസികളോട് പറഞ്ഞത്. മരണത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തിയിരുന്നു.